വാഷിംഗ്ടൺ: തീരുവയുടെ കാര്യത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ ആശ്വാസമായ വിധിയുമായി യുഎസ് സുപ്രീംകോടതി. വെള്ളിയാഴ്ചയാണ് ഡോണൾഡ് ട്രം...
വാഷിംഗ്ടൺ: തീരുവയുടെ കാര്യത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ ആശ്വാസമായ വിധിയുമായി യുഎസ് സുപ്രീംകോടതി. വെള്ളിയാഴ്ചയാണ് ഡോണൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ആഗോള വ്യാപാര തീരുവകൾ ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്.
1977-ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (IEEPA) ഉപയോഗിച്ച് തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. നികുതി ചുമത്താനുള്ള അധികാരം കോൺഗ്രസിനാണെന്ന് 6-3 വിധിയിൽ ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് വ്യക്തമാക്കി.
ഇന്ത്യയുടെ കയറ്റുമതിയുടെ 55 ശതമാനത്തോളവും ഈ 18% അധിക തീരുവയിൽ നിന്ന് ഇതോടെ മുക്തമാകും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് നേരത്തെ 50% വരെ തീരുവ ചുമത്തിയിരുന്നു. ഇത് പിന്നീട് 18 ശതമാനമായി കുറയ്ക്കാൻ ധാരണയായിരുന്നുവെങ്കിലും കോടതി വിധിയോടെ ഈ അധിക നികുതികൾ പൂർണ്ണമായും അസാധുവാകും.
ട്രംപ് ഭരണകൂടം ഇതുവരെ പിരിച്ചെടുത്ത ഏകദേശം 175 ബില്യൺ ഡോളറിലധികം വരുന്ന തുക കയറ്റുമതിക്കാർക്ക് തിരിച്ചുനൽകേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നു. ഇതിൽ ഒരു വലിയ ഭാഗം ഇന്ത്യൻ കമ്പനികൾക്കും ലഭിക്കും.
സ്റ്റീൽ, അലുമിനിയം തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് മറ്റ് നിയമങ്ങൾ പ്രകാരം ഏർപ്പെടുത്തിയ പ്രത്യേക തീരുവകൾ നിലവിൽ ഈ വിധിയുടെ പരിധിയിൽ വരുന്നില്ല. ഈ വിധി അമേരിക്കയുടെ വ്യാപാരനയങ്ങളെയും ആഗോള വിപണിയെയും വരുംദിവസങ്ങളിൽ കാര്യമായി സ്വാധീനിക്കും.
Key Words : US Tariff, Donald Trump, US Supreme Court


COMMENTS