ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗമായ ആൻഡ്രൂ മൗണ്ട്ബാറ്റൻ-വിൻഡ്‌സർ (മുൻപ് ആൻഡ്രൂ രാജകുമാരൻ) അറസ്റ്റിൽ. അദ്ദേഹത്തിന്റെ 66-ാം ജന്മദിനത്തിലാണ് സാൻഡ...
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗമായ ആൻഡ്രൂ മൗണ്ട്ബാറ്റൻ-വിൻഡ്‌സർ (മുൻപ് ആൻഡ്രൂ രാജകുമാരൻ) അറസ്റ്റിൽ. അദ്ദേഹത്തിന്റെ 66-ാം ജന്മദിനത്തിലാണ് സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലെ വസതിയിൽ വെച്ച് തേംസ് വാലി പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്ന് പബ്ലിക് ഓഫീസ് ദുരുപയോഗം ചെയ്തു എന്നാരോപിച്ചാണ് അറസ്റ്റ്. ആൻഡ്രൂ യു.കെ. ട്രേഡ് എൻവോയ് ആയിരുന്ന കാലത്ത് എപ്സ്റ്റീന് സർക്കാർ രഹസ്യരേഖകൾ കൈമാറിയതായി യു.എസ്. നീതിന്യായ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ എപ്സ്റ്റീൻ ഫയലുകളിൽ പരാമർശമുണ്ട്.
നോർഫോക്കിലെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലും ബെർക്ഷെയറിലെ വസതിയിലും പോലീസ് പരിശോധന നടത്തി. 66 വയസ്സുകാരനായ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചെങ്കിലും നിയമപരമായ കാരണങ്ങളാൽ പേര് വെളിപ്പെടുത്തിയിട്ടില്ല; എന്നാൽ അറസ്റ്റിലായത് ആൻഡ്രൂ ആണെന്ന് ബി.ബി.സി. ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്ന് 2025 ഒക്ടോബറിൽ ആൻഡ്രൂവിന്റെ ഔദ്യോഗിക രാജപദവികൾ ചാർലോസ് രാജാവ് നീക്കം ചെയ്തിരുന്നു. തന്റെ മേൽ ഉയർന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അദ്ദേഹം മുൻപ് നിഷേധിച്ചിരുന്നു. സംഭവത്തിൽ "നിയമത്തിന് മുകളിൽ ആരുമില്ല" എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രതികരിച്ചു. ആധുനിക ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മുതിർന്ന ബ്രിട്ടീഷ് രാജകുടുംബാംഗം അറസ്റ്റിലാകുന്നത്.
Key Words : Andrew Mountbatten-Windsor, Arrest, Jeffrey Epstein


COMMENTS