ആലപ്പുഴ : പത്ത് വർഷമായി മുടങ്ങിക്കിടന്ന അമ്പലപ്പുഴ-ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് പുതുക്കിയ 324.16 കോടി രൂപയുടെ എസ്റ്റിമേറ്റിന് റെയിൽവ...
ആലപ്പുഴ : പത്ത് വർഷമായി മുടങ്ങിക്കിടന്ന അമ്പലപ്പുഴ-ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് പുതുക്കിയ 324.16 കോടി രൂപയുടെ എസ്റ്റിമേറ്റിന് റെയിൽവേ ബോർഡ് അംഗീകാരം നൽകിയെന്ന് കെ സി വേണുഗോപാൽ എം പി അറിയിച്ചു.
ആലപ്പുഴ മുതൽ അമ്പലപ്പുഴ വരെയുള്ള 12.66 കിലോമീറ്റർ ദൂരമാണ് ഇത് അനുസരിച്ച് ആദ്യഘട്ടത്തിൽ ഇരട്ടിപ്പിക്കുക. പദ്ധതിക്ക് അംഗീകാരം നൽകിയതിന്റെ അന്തിമ ഉത്തരവ് ഉടൻ റെയിൽവേ പുറത്തിറക്കും. കേരളത്തിൽ പാത ഇരട്ടിപ്പിക്കൽ ബാക്കിയായ ഏക മേഖലയാണ് അമ്പലപ്പുഴ-കുമ്പളം വരെയുള്ള തീരദേശ പാത. ഇതിൽ തുറവുർ മുതൽ കുമ്പളം വരെയുള്ള പാത ഇരട്ടിപ്പിക്കലിന് നേരത്തെ അനുമതിയായിരുന്നു. ഈ ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
ബാക്കിയുള്ള അമ്പലപ്പുഴ-തുറവൂർ പ്രദേശത്തെ അനിശ്ചിതത്വം പരിഹരിക്കാൻ പദ്ധതി മൂന്നായി വിഭജിച്ച് എസ്റ്റിമേറ്റ് പുതുക്കണമെന്ന നിർദേശം വേണുഗോപാൽ നേരത്തെ കേന്ദ്ര റെയിൽവേ മന്ത്രാലയത്തോടും റെയിൽവേ ബോർഡിനോടും ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച റെയിൽവേ പദ്ധതിയെ മൂന്നായി വിഭജിച്ചു.
ഇതിലെ ആദ്യ ഘട്ടമായി അമ്പലപ്പുഴ-ആലപ്പുഴ പാതയ്ക്ക് അംഗീകാരം നൽകിയതിന് പിന്നാലെ രണ്ടാം റീച്ചായി മാരാരിക്കുളം-തുറവൂർ പാത ഇരട്ടിപ്പിക്കലിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നേടാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. 430 കോടി രൂപയാണ് ഈ മേഖലയ്ക്കായി പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്. പ്രോജക്ട് എക്സാമിനേഷൻ കമ്മിറ്റി,പി എം ഗതിശക്തി ഡയറക്ടറേറ്റ് എന്നിവരുടെ അനുമതി നേടിയാൽ ഉടൻ പദ്ധതി ആരംഭിക്കാനാകും. മൂന്നാം റീച്ചായ മാരാരിക്കുളം-തുറവൂർ അതിനു ശേഷമാകും പരിഗണിക്കുക.
Key Words : Ambalapuzha-Alappuzha Line Doubling, Railway, KC Venugopal MP

COMMENTS