ചെന്നൈ: വേലൂർ ജില്ലയിലെ ഉത്സവത്തിനിടെ 60 അടി ഉയരമുള്ള ക്ഷേത്രരഥം മറിഞ്ഞ് ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ അടുക്കംപാറയിലെ സർ...
ചെന്നൈ: വേലൂർ ജില്ലയിലെ ഉത്സവത്തിനിടെ 60 അടി ഉയരമുള്ള ക്ഷേത്രരഥം മറിഞ്ഞ് ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ അടുക്കംപാറയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലാർ നദിക്കരയിൽ നടന്ന വാർഷിക മയാന കൊള്ളൈ ഉത്സവത്തനിടെയാണ് സംഭവം. കാട്പാടിക്ക് സമീപമുള്ള കഴിഞ്ചൂരിൽ നിന്നുള്ള രഥം, ചടങ്ങുകൾക്ക് ശേഷം നദീതടത്തിൽ നിന്ന് റോഡിലേക്ക് കയറ്റുന്നതിനിടെ അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് ചരിഞ്ഞ രഥത്തിനടിയിൽ പത്തോളം പേർ കുടുങ്ങി. പൊലീസും നാട്ടുകാരും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
ജില്ലാ കളക്ടർ സുബ്ബലക്ഷ്മി, പൊലീസ് സൂപ്രണ്ട് ശിവരാമൻ, റവന്യൂ ഡിവിഷണൽ ഓഫീസർ സെന്തിൽ കുമാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. തുടർന്ന് കളക്ടർ ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ ആരോഗ്യനില വിലയിരുത്തി. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട കളക്ടർ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് സംഘാടകർക്ക് നിർദ്ദേശം നൽകി.
വേലൂർ ജില്ലയിലെ പ്രധാന വാർഷിക ആഘോഷങ്ങളിലൊന്നായ മയാന കൊള്ളൈ ഉത്സവം ഞായറാഴ്ച വൈകുന്നേരമാണ് പാലാർ നദിക്കരയിൽ നടന്നത്. 10 ഗ്രാമങ്ങളിൽ നിന്നുള്ള ദേവതകളെ അലങ്കരിച്ച രഥങ്ങളിൽ എഴുന്നള്ളിച്ചാണ് നദിക്കരയിൽ എത്തിച്ചത്. അപകടത്തിന് പിന്നാലെ, കഴിഞ്ചൂരിലെ ഗ്രാമവാസികൾ ചരിഞ്ഞ രഥത്തിൽ നിന്ന് വിഗ്രഹം മാത്രം വീണ്ടെടുത്ത് ഗ്രാമത്തിലേക്ക് മടങ്ങി. സർക്കാർ നിബന്ധനയനുസരിച്ച് ക്ഷേത്രരഥങ്ങളുടെ ഉയരം 12 അടിയിൽ കൂടാൻ പാടില്ല. എന്നാൽ ഈ ഉത്സവത്തിനായി വിരുതമ്പട്ട്, കഴിഞ്ചൂർ, മൊട്ടൂർ എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്ന രഥങ്ങൾക്ക് ഏകദേശം 60 അടി ഉയരമുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2023-ലും സമാനമായ രീതിയിൽ മൊട്ടൂർ ഗ്രാമത്തിലെ രഥം പാലാർ നദീതടത്തിൽ മറിഞ്ഞ് അപകടമുണ്ടായിരുന്നു.
Key Words : Temple Chariot Accident, Tamil Nadu


COMMENTS