ബെംഗളൂരു: ബെംഗളൂരുവിലെ ഹൊസ്കോട്ടയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ 7 പേർ മരിച്ചു. പര...
ബെംഗളൂരു: ബെംഗളൂരുവിലെ ഹൊസ്കോട്ടയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ 7 പേർ മരിച്ചു. പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കാൻ പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങളിലെ അംഗങ്ങളായ അശ്വിൻ നായർ (17), ഏഥൻ ജോർജ് (17) എന്നിവരാണ് മരിച്ചത്. ഇവർ യെലഹങ്ക ആർ.വി. പിയു കോളേജിലെ കൊമേഴ്‌സ് വിദ്യാർത്ഥികളായിരുന്നു.
കാറിലുണ്ടായിരുന്ന അർഹാൻ ഷെരീഫ് (16), അയാൻ അലി (17), ഭരത് (18), ഫർഹാൻ (17) എന്നീ വിദ്യാർത്ഥികളും, കാറിടിച്ച് മരിച്ച ബൈക്ക് യാത്രക്കാരനായ ഗഗൻ (26) എന്ന ഫാക്ടറി ജീവനക്കാരനുമാണ് മറ്റുള്ളവർ.
വെള്ളിയാഴ്ച പുലർച്ചെ ഏകദേശം 4:30-നും 5:30-നും ഇടയിൽ ഹൊസ്കോട്ട-ദൊബാസ്‌പേട്ട് സാറ്റലൈറ്റ് ടൗൺ റിങ് റോഡിലെ (STRR) സത്യാവാര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്.
അമിതവേഗതയിലെത്തിയ മഹീന്ദ്ര എക്സ്.യു.വി (XUV 700) നിയന്ത്രണം വിട്ട് മുന്നിൽ പോയിരുന്ന ബൈക്കിനെ ഇടിച്ച ശേഷം ഒരു ചരക്ക് ലോറിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി മറിയുകയും മറ്റൊരു കാർ അവശിഷ്ടങ്ങളിൽ ഇടിക്കുകയും ചെയ്തു.
അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. സുലിബെലെ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ഹൊസ്കോട്ട സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിദ്യാർത്ഥികൾ വീട്ടുകാരെ അറിയിക്കാതെയാണ് ഈ യാത്ര പോയതെന്ന് റിപ്പോർട്ടുകളുണ്ട്.
Key Words : 7 killed, Malayali student,Bengaluru , Car Accident


COMMENTS