കാരക്കാസ് : വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സേനയുടെ പിടിയിലായതിനു പിന്നാലെ അദ്ദേഹം യുഎസിൽ വിചാരണ നേരിടുമെന്നും റിപ്പോർട്ടുകൾ...
കാരക്കാസ് : വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സേനയുടെ പിടിയിലായതിനു പിന്നാലെ അദ്ദേഹം യുഎസിൽ വിചാരണ നേരിടുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. വെനസ്വേലയിൽ യുഎസ് നടത്തിയ ശക്തമായ വ്യോമാക്രമണങ്ങൾക്കും സൈനിക നടപടികൾക്കും പിന്നാലെയാണ് മഡുറോയും ഭാര്യയും പിടിയിലായ വിവരം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്.
മഡുറോ നിലവിൽ യുഎസ് കസ്റ്റഡിയിലാണെന്നും ക്രിമിനൽ കുറ്റങ്ങൾക്ക് അദ്ദേഹം അമേരിക്കയിൽ വിചാരണ നേരിടുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥിരീകരിച്ചു.
നാർക്കോ-ടെററിസം (മയക്കുമരുന്ന് ഭീകരവാദം), അഴിമതി, മയക്കുമരുന്ന് കടത്ത് തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് മഡുറോയ്‌ക്കെതിരെ യുഎസ് ചുമത്തിയിരിക്കുന്നത്. കൊളംബിയൻ വിമത ഗ്രൂപ്പായ 'ഫാർക്കി' (FARC) യുമായി ചേർന്ന് അമേരിക്കയിലേക്ക് ടൺ കണക്കിന് കൊക്കെയ്ൻ കടത്താൻ ഗൂഢാലോചന നടത്തിയെന്ന് 2020-ൽ യുഎസ് നീതിന്യായ വകുപ്പ് ആരോപിച്ചിരുന്നു.
മഡുറോയെ പിടികൂടാൻ സഹായിക്കുന്നവർക്ക് യുഎസ് നൽകുന്ന പ്രതിഫലം 2025 ഓഗസ്റ്റിൽ 50 ദശലക്ഷം ഡോളറായി (ഏകദേശം 420 കോടി രൂപ) ഉയർത്തിയിരുന്നു.
ജനുവരി 3-ന് പുലർച്ചെ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ സൈനിക താവളങ്ങളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും യുഎസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മഡുറോയെ പിടികൂടി രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയത്.
മഡുറോയുടെ ഭരണകൂടം മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്നാരോപിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതിയും (ICC) നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു.
Key Words : US Secretary of State, Marco Rubio, Nicolas Maduro, Trial, USA

COMMENTS