വാഷിംഗ്ടൺ: ‘ബോർഡ് ഓഫ് പീസി’ലേക്ക് കാനഡയെ ക്ഷണിച്ച തീരുമാനം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പിൻവലിച്ചു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണ...
വാഷിംഗ്ടൺ: ‘ബോർഡ് ഓഫ് പീസി’ലേക്ക് കാനഡയെ ക്ഷണിച്ച തീരുമാനം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പിൻവലിച്ചു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തുറന്ന കത്തിലൂടെയാണ്, കാനഡയെ ഈ സമിതിയുടെ ഭാഗമാക്കുന്നതിൽ നിന്നും ഒഴിവാക്കിയ വിവരം ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഔദ്യോഗികമായി അറിയിച്ചത്.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ മാർക്ക് കാർണി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് അപ്രതീക്ഷിതമായ ഈ നീക്കം. ആഗോള ക്രമത്തിൽ വിള്ളലുകൾ വീഴുന്നതായും വൻശക്തികൾ സാമ്പത്തിക നയങ്ങളെ ആയുധമാക്കുന്നതായും കാർണി വിമർശിച്ചിരുന്നു. ഇത് ട്രംപിന്റെ നയങ്ങൾക്കെതിരെയുള്ള വിമർശനമായാണ് വിലയിരുത്തപ്പെട്ടത്. ഇതിനു പിന്നാലെ, ‘അമേരിക്ക കാരണമാണ് കാനഡ നിലനിൽക്കുന്നത്’ എന്ന രൂക്ഷമായ മറുപടിയുമായി ട്രംപ് രംഗത്തെത്തിയിരുന്നു.
ട്രംപ് തന്നെ അധ്യക്ഷനായ ‘ബോർഡ് ഓഫ് പീസ്’, ഗാസ ഉൾപ്പെടെയുള്ള ആഗോള സംഘർഷ പ്രദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കാനും പുനർനിർമാണത്തിന് നേതൃത്വം നൽകാനുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ ഈ സമിതിയിൽ സ്ഥിര അംഗത്വം ലഭിക്കാൻ ഓരോ രാജ്യവും 100 കോടി ഡോളർ നൽകണമെന്ന നിബന്ധന കാനഡ അംഗീകരിക്കാത്തതും ട്രംപിനെ പ്രകോപിപ്പിച്ചതായി സൂചനയുണ്ട്. ഒരു ബില്യൻ ഡോളർ നൽകി അംഗത്വം നേടാനില്ലെന്ന് കാനഡയുടെ ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
Key Words : US President Donald Trump, Mark Carney, Canada, 'Board of Peace'


COMMENTS