തിരുവനന്തപുരം: കഴിഞ്ഞ 10 വർഷം ഭരിച്ചിട്ടും കെ.എം. മാണിക്ക് സ്മാരകം അനുവദിക്കാത്തവർ ഇപ്പോൾ അതിന് തയ്യാറായതിന് നിമിത്തമായത് യു.ഡി.എഫ് ആണെന്ന് ...
തിരുവനന്തപുരം: കഴിഞ്ഞ 10 വർഷം ഭരിച്ചിട്ടും കെ.എം. മാണിക്ക് സ്മാരകം അനുവദിക്കാത്തവർ ഇപ്പോൾ അതിന് തയ്യാറായതിന് നിമിത്തമായത് യു.ഡി.എഫ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സതീശൻ്റെ വാക്കുകൾ
അങ്ങനെ നിമിത്തമായതിൽ യു.ഡി.എഫിന് സന്തോഷമുണ്ട്. കെ.എം. മാണി നരകത്തീയിൽ വെന്തെരിയുമെന്ന് അദ്ദേഹം ജീവിച്ചിരിക്കെ ശാപവാക്കുകൾ ചൊരിഞ്ഞ സി.പി.എം, ഭരണത്തിലിരിക്കുമ്പോൾത്തന്നെ സ്മാരകം അനുവദിച്ചതിലുള്ള സന്തോഷം രേഖപ്പെടുത്തുന്നു. കേരള കോൺഗ്രസ് (എം)-മായി ചർച്ച നടത്തിയെന്നോ അവർ മുന്നണിയിലേക്ക് വരുമെന്നോ യു.ഡി.എഫ് അന്നും ഇന്നും പറഞ്ഞിട്ടില്ല. അവർ മറ്റൊരു മുന്നണിയിൽ നിൽക്കുന്ന കക്ഷി എന്ന നിലയിൽ അവരുടെ വിശ്വാസ്യതയെ ബാധിക്കുന്നതൊന്നും യു.ഡി.എഫ് പറഞ്ഞിട്ടില്ല. കെ.എം. മാണിക്ക് തിരുവനന്തപുരത്ത് സ്മാരകം പണിയാൻ സ്ഥലം അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നു.
ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നതിൽ സി.പി.എം നേതാക്കൾക്ക് സങ്കടം സഹിക്കാനാവുന്നില്ല. തങ്ങളുടെ നിരവധി പാർട്ടി നേതാക്കൾ ബി.ജെ.പിയിൽ ചേർന്നതിൽ ഒരു വിഷമവുമില്ലാത്ത സി.പി.എം നേതാക്കൾക്കാണ് ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നതിൽ ഇത്രയേറെ വിഷമം. എ.കെ.ജി സെന്‍ററിലിരുന്ന് വനിതാ കോൺഗ്രസ് നേതാക്കൾ സി.പി.എമ്മിൽ ചേരുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ നൽകുകയാണ്. സ്വന്തം പിതാവ് മരിച്ച് മൂന്നു നാലു ദിവസമായ വീട്ടിലിരിക്കുന്ന ഷാനിമോൾ ഉസ്മാനെക്കുറിച്ചാണ് ഇത്തരം തെറ്റായ വാർത്തകൾ എ.കെ.ജി സെന്‍ററിലെ സോഷ്യൽ മീഡിയ വിഭാഗം നൽകുന്നത്.
തനിക്കെതിരായി സോഷ്യൽ മീഡിയയിൽ 'കള്ളൻ', 'കൊള്ളക്കാരൻ' എന്നൊക്കെ പറഞ്ഞു നടത്തുന്ന പോസ്റ്റുകൾ നെഗറ്റീവ് ആണെങ്കിലും തനിക്ക് വലിയ പബ്ലിസിറ്റിയായി മാറുകയാണ്. അതുകൊണ്ട് എ.കെ.ജി സെന്‍ററിലിരുന്ന് സോഷ്യൽ മീഡിയ നിയന്ത്രിക്കുന്ന ആളുകളോട് പറയാനുള്ളത്, ദിവസം ഇതുപോലുള്ള 10 കാർഡുകളെങ്കിലും എനിക്കെതിരെ ഇറക്കണം എന്നാണ്. ഐഷാ പോറ്റി പോയതിന്‍റെ കടം തീർക്കുന്നത് പിതാവ് മരിച്ച് വീട്ടിലിരിക്കുന്ന ഒരു വനിതാ നേതാവിനെക്കുറിച്ച് കള്ളപ്രചരണം നടത്തിയിട്ടാണ്. അതുകൊണ്ടുതന്നെ എ.കെ.ജി സെന്‍ററിലിരുന്ന് സോഷ്യൽ മീഡിയയിലൂടെ ശരിയായ കാര്യങ്ങൾ കൊടുത്താലും ജനം വിശ്വസിക്കാൻ പോകുന്നില്ല.
Key Words : K.M. Mani, UDF , VD Satheesan


COMMENTS