തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ അവസാന ബജറ്റ് (2026-27) ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന...
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ അവസാന ബജറ്റ് (2026-27) ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുന്നു. രാവിലെ 9 മണിക്ക് ബജറ്റ് അവതരണം ആരംഭിക്കും. ഇത് പിണറായി വിജയൻ സർക്കാരിൻ്റെ ആകെ പന്ത്രണ്ടാമത്തെയും രണ്ടാം പിണറായി സർക്കാരിൻ്റെ ആറാമത്തെയും ബജറ്റാണ്. കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റ് കൂടിയാണിത്.
ബജറ്റിൽ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒട്ടേറെ ആനുകൂല്യ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. ശമ്പള, പെൻഷൻ പരിഷ്‌കരണം, ക്ഷേമ പെൻഷൻ വർധന തുടങ്ങിയവയാണ് പ്രതീക്ഷിക്കുന്ന മുഖ്യ പ്രഖ്യാപനങ്ങൾ. ക്ഷേമ പെൻഷൻ നിലവിലെ 1600 രൂപയിൽ നിന്നും 2500 രൂപയായി വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്. സർക്കാർ ജീവനക്കാർ ശമ്പള പരിഷ്കരണം, ഡി.എ കുടിശിക വിതരണം എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നു. പങ്കാളിത്ത പെൻഷന് പകരമായി 'അഷ്വേർഡ് പെൻഷൻ' പദ്ധതിയുടെ വിശദാംശങ്ങൾ ഉണ്ടായേക്കാം. വിഴിഞ്ഞം അനുബന്ധ വികസന പദ്ധതികൾ, അതിവേഗ പാത, വികസന-ക്ഷേമ മേഖലകൾക്ക് ഊന്നൽ നൽകുന്ന ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന.
കേന്ദ്രം വിഹിതം വെട്ടിക്കുറച്ച് സാമ്പത്തികമായി ഞെരുക്കിയിട്ടും, സംസ്ഥാനത്തിന്റെ തനതു വരുമാനം വർധിപ്പിക്കാൻ സാധിച്ചതാണ് കേരളം പ്രതിസന്ധികൾക്കിടയിലും മുന്നോട്ടുപോകാൻ കാരണമെന്ന് മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 2020-21 കാലയളവിലെ 47,660 കോടി രൂപയിൽ നിന്നും സ്വന്തം നികുതി വരുമാനം 2024-25 ഓടെ 81,000 കോടി രൂപയോളമായി ഉയർത്താൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും ഇത്തവണത്തേത് കേവലം സ്വപ്നങ്ങൾ മാത്രമുള്ള ഒന്നല്ലെന്നും, പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങൾ ഉൾക്കൊള്ളുന്ന "റിയലിസ്റ്റിക്" ബജറ്റായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Key Words : Kerala Budget


COMMENTS