മഫ്ടിയിലെത്തിയ പൊലീസ് ഷിംജിതയെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോകുന്നു കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതില്‍ പ്രതിയായ ഷിംജിതയെ...
![]() | |
| മഫ്ടിയിലെത്തിയ പൊലീസ് ഷിംജിതയെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോകുന്നു |
കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതില്‍ പ്രതിയായ ഷിംജിതയെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. മഞ്ചേരി വനിതാ ജയിലിലേക്കാണ് ഷിംജിതയെ മാറ്റുക. ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതില്‍ അപമാനം ഭയന്നാണ് ദീപക് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ദീപകിന്‍റെ കുടുംബത്തിന്‍റെ പരാതിയിലാണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. വടകരയിലെ ബന്ധുവീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മെഡിക്കൽ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു.
ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകൻ സൂചിപ്പിച്ചിരുന്നുവെന്ന് ദീപക്കിന്റെ മാതാപിതാക്കൾ പൊലീസിന് മൊഴി നൽകി. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
ഷിംജിതയെ അറസ്റ്റുചെയ്തു സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയതിനെ ദീപക്കിന്റെ കുടുംബം ചോദ്യം ചെയ്തു. ഷിംജിതയ്ക്കു പൊലീസ് സഹായമൊരുക്കുകയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നു കുടുംബം പറഞ്ഞു. അറസ്റ്റു വൈകിപ്പിച്ചതും പ്രതിക്കു തെളിവു നശിപ്പിക്കാന്‍ അവസരമൊരുക്കിയെന്നും കുടുംബം പറയുന്നു.
പയ്യന്നൂരിലേക്കുള്ള യാത്രയ്ക്കിടെ ബസ്സില്‍ വച്ച് ദീപക് തന്നെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് ഷിംജിത ഇന്‍സ്റ്റാഗ്രാമില്‍ 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും ദീപക്കിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണം ഉണ്ടാവുകയും ചെയ്തു.
വീഡിയോ വൈറലായതോടെ മാനസികമായി തകര്‍ന്ന ദീപക്കിനെ ജനുവരി 18-ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്തിരുന്ന ആളായിരുന്നു ദീപക്.
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഷിംജിത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുകയും ഒളിവില്‍ പോവുകയും ചെയ്തിരുന്നു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പോലീസ് ഇവരെ പിടികൂടിയത്.
ഷിംജിത പ്രചരിപ്പിച്ച വീഡിയോ എഡിറ്റ് ചെയ്തതാണോ എന്നും കൂടുതല്‍ ദൃശ്യങ്ങള്‍ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഷിംജിത മുസ്തഫ മുന്‍പ് മലപ്പുറം ജില്ലയിലെ അരീക്കോട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.


COMMENTS