കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും വിശദമായി ചോദ്യം...
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. രണ്ട് ദിവസത്തിനകം നോട്ടീസ് നല്‍കി വിളിച്ചുവരുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. 2025ല്‍ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊണ്ടുപോയതിലാണ് ചോദ്യം ചെയ്യല്‍. 2019ല്‍ സ്വര്‍ണം പൂശി തിരിച്ചെത്തിച്ച പാളികള്‍ക്ക് വീണ്ടും മങ്ങലുണ്ടായെന്ന് കണ്ടതോടെ പിന്നെയും സ്വര്‍ണം പൂശാന്‍ ചെന്നൈക്ക് കൊണ്ടുപോയിരുന്നു. ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.
40 വര്‍ഷം ഗ്യാരന്റി പറഞ്ഞിരുന്ന പാളികള്‍ 2025 സെപ്തംബറിലാണ് സ്വര്‍ണം പൂശാന്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത്. അറ്റകുറ്റപ്പണി നടത്തി തിരിച്ചെത്തിച്ച് ആറാം വര്‍ഷം വീണ്ടും സ്വര്‍ണം പൂശുകയായിരുന്നു. ഇതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് മുന്‍കൈ എടുത്തത്. സ്വര്‍ണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ഈ ഇടപാടുകള്‍ സംബന്ധിച്ചായിരിക്കും പി.എസ് പ്രശാന്തിന്റെ ചോദ്യം ചെയ്യല്‍.
കേസുമായി ബന്ധപ്പെട്ട് നേരത്തെ പി.എസ് പ്രശാന്തിനെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. മൊഴി രേഖപ്പെടുത്തിയെന്നും ദ്വാരപാല ശില്പം സ്വര്‍ണം പൂശുന്നതിന് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷണ സംഘം ചോദിച്ചതെന്നും പ്രശാന്ത് അന്ന് പറഞ്ഞിരുന്നു.
സ്‌റ്റേറ്റ്‌മെന്റ് എടുക്കല്‍ പൂര്‍ത്തിയായെന്നും ഇനി എസ്‌ഐടിക്ക് മുന്നില്‍ പോകേണ്ടി വരില്ലെന്നും മാധ്യമങ്ങളോട് പ്രശാന്ത് പറഞ്ഞിരുന്നു. എന്നാല്‍ പ്രശാന്തില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി എന്നിവരെയൊന്നും നേരിട്ട് പരിചയമില്ലെന്ന് പ്രശാന്ത് മൊഴി നല്‍കിയിരുന്നു.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ 11 പേരാണ് ഇതുവരെ അറസ്റ്റിലായത്. മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസിന്റെ അറസ്റ്റാണ് ഏറ്റവും ഒടുവില്‍ രേഖപ്പെടുത്തിയത്.
ചികിത്സയില്‍ കഴിയുന്ന ശങ്കരദാസിനെ ആശുപത്രിയിലെത്തിയാണ് എസ്‌ഐടി അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ പതിനൊന്നാം പ്രതിയാണ് ശങ്കരദാസ്. എ. പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു ശങ്കരദാസ്.
Key Words : Sabarimala Gold Theft, PS Prashanth


COMMENTS