തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിൽ പ്രതിക...
തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണത്തിൽ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യലെന്നും ഇതിൽ ആരെ വിളിക്കണം എന്നത് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം എസ്.ഐ.ടിക്കാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എസ്.ഐ.ടി ആരെ ചോദ്യം ചെയ്യുന്നു എന്നത് നേരത്തെ അറിയിക്കേണ്ട കാര്യമില്ല. അന്വേഷണത്തിൽ മുഖ്യമന്ത്രിയോ ഓഫീസോ യാതൊരു വിധ ഇടപെടലുകളും നടത്തുന്നില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ അന്വേഷണം നടക്കുമ്പോൾ പ്രതിപക്ഷ നേതാവ് എന്തിനാണ് പരിഭവപ്പെടുന്നത്?
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് ചിലർ ശീലമാക്കിയിരിക്കുകയാണ്. ഹൈക്കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം കൃത്യമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. കേസിൽ അടൂർ പ്രകാശിന്റെ പേര് വരുന്നത് എങ്ങനെയാണെന്ന് പരിശോധിക്കണം. സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പങ്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചാൽ ഉടൻ പോകേണ്ട ആളാണോ അദ്ദേഹം?
സോണിയാ ഗാന്ധിയെപ്പോലൊരു നേതാവിന്റെ അടുത്തെത്താൻ ഇത്തരം തട്ടിപ്പുകാർക്ക് എങ്ങനെ സാധിക്കുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. എ. പദ്മകുമാറിനെതിരെ നടപടി വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, മുഖ്യമന്ത്രി എന്ന നിലയിൽ മറുപടി പറയേണ്ട വിഷയമല്ല അതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നത് സർക്കാരിന്റെ തന്നെ നിർദ്ദേശമായിരുന്നുവെന്നും, നിലവിലെ അന്വേഷണത്തിൽ ആർക്കും പരാതികളില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Key Words: Sabarimala gold robbery, SIT, Chief Minister Pinarayi Vijayan

COMMENTS