തിരുവനന്തപുരം : പ്രതിപക്ഷനേതാവ് വി ഡി സതീശൻ എസ് എൻ ഡി പി യോഗത്തെ ആക്ഷേപിക്കുന്ന വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന...
തിരുവനന്തപുരം : പ്രതിപക്ഷനേതാവ് വി ഡി സതീശൻ എസ് എൻ ഡി പി യോഗത്തെ ആക്ഷേപിക്കുന്ന വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ ആവശ്യപെട്ടു. സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് സതീശന്റേത്.
ഈഴവരെ മാത്രമല്ല എല്ലാ മതസാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ് സതീശൻ സ്വീകരിക്കുന്നത്. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളിലൂന്നി രാജ്യംമുഴുവൻ പ്രചരണം നടത്തുന്ന രാഹുൽഗാന്ധിയുടേയും പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പ്രതിനിധിയായ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെയും അറിവോടെയാണോ നീക്കമെന്നു വ്യക്തമാക്കണം.
പിന്നോക്ക വിഭാഗങ്ങൾക്ക് അധികാരത്തിൽ ഉൾപ്പെടെ അർഹമായ നീതി ഉറപ്പാക്കുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധിയെ സതീശൻ വെല്ലുവിളിക്കുകയല്ലേയെന്നും വെള്ളാപ്പള്ളി പ്രസ്താവനയിൽ ചോദിച്ചു.എസ് എൻ ഡി പി യോഗത്തെ മാത്രമല്ല, ഗുരുദേവ ദർശനങ്ങളെയുമാണ് സതീശൻ ആക്ഷേപിക്കുന്നത്. പറവൂരിൽ ഉൾപ്പെടെ ഈഴവ സമുദായത്തിന്റെ പിന്തുണ മറന്നാണ് സതീശന്റെ നീക്കം.
കൊച്ചിയിൽ സീറോ മലബാർ സഭയുടെ സിനഡ് നടന്നപ്പോൾ അവിടെ മറ്റൊരു കാറിൽ ആരും അറിയാതെ സതീശൻ പോയത് എന്തിനാണെന്ന് വെളിപെടുത്തണം. ആരുമറിയാതെ തിണ്ണ നിരങ്ങുന്ന സതീശന്റെ ഇരട്ടമുഖമാണിത്- വെള്ളാപ്പള്ളി നടേശൻ പ്രസ്താവനയിൽ ആരോപിച്ചു.
Key Words : Vellappally Natesan,VD Satheesan


COMMENTS