ന്യൂഡൽഹി: 2025-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ എട്ട് തവണ ഫോണിൽ സംസാരിച്ചതായി ഇന്ത്യൻ വിദേശകാര്...
ന്യൂഡൽഹി: 2025-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ എട്ട് തവണ ഫോണിൽ സംസാരിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. പ്രധാനമന്ത്രി മോദി നേരിട്ട് വിളിക്കാത്തത് കാരണമാണ് ഇന്ത്യയുമായുള്ള വ്യാപാര കരാർ ചർച്ചകൾ സ്തംഭിച്ചതെന്ന യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്നിക്കിന്റെ പ്രസ്താവന തെറ്റാണെന്ന് ഇന്ത്യ വ്യക്തമാക്കി.
2025-ൽ വിവിധ വിഷയങ്ങളിൽ എട്ട് തവണ ഇരു നേതാക്കളും ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും നയതന്ത്ര മര്യാദകൾ പാലിച്ച് പരസ്പര ബഹുമാനത്തോടെയാണ് അവർ ഇടപെടുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ഇന്ത്യയും യുഎസും തമ്മിൽ ഗുണകരമായ ഒരു വ്യാപാര കരാറിലെത്താൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും പലതവണ കരാറിന് തൊട്ടടുത്ത് വരെ എത്തിയിരുന്നതായും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
‘‘ഞങ്ങൾ ആ പരാമർശങ്ങൾ ശ്രദ്ധിച്ചു. 2025 ഫെബ്രുവരി 13 മുതൽ വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താൻ ഇന്ത്യയും യുഎസും പ്രതിജ്ഞാബദ്ധമായിരുന്നു. അന്നുമുതൽ, ഇരുപക്ഷത്തിനും പ്രയോജനകരമായ വ്യാപാര കരാറിൽ എത്തിച്ചേരാൻ ഇരുരാജ്യങ്ങളും ഒന്നിലധികം റൗണ്ട് ചർച്ചകൾ നടത്തിയിട്ടുണ്ട്. പല സന്ദർഭങ്ങളിലും ഞങ്ങൾ കരാറിനോട് വളരെ അടുത്തെത്തിയിരുന്നു’’ – വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 500 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താനുള്ള യുഎസ് ബില്ലിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ഈ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്.
Key Words : Modi , Trump, India-US, US Commerce Secretary


COMMENTS