ടോക്യോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി തെത്സുയ യമഗാമിക്ക് (45) കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധി...
ടോക്യോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി തെത്സുയ യമഗാമിക്ക് (45) കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജപ്പാനിലെ നര ജില്ലാ കോടതിയാണ് നിർണ്ണായകമായ ഈ വിധി പ്രസ്താവിച്ചത്.
2022 ജൂലൈ 8-ന് പടിഞ്ഞാറൻ ജപ്പാനിലെ നര നഗരത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം നടത്തുന്നതിനിടെയാണ് ഷിൻസോ ആബെ വെടിയേറ്റു മരിച്ചത്. വീട്ടിൽ തന്നെ നിർമ്മിച്ച തോക്ക് ഉപയോഗിച്ചാണ് യമഗാമി വെടിയുതിർത്തത്. കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച വിചാരണയിൽ താൻ ആബെയെ കൊലപ്പെടുത്തിയതായി യമഗാമി സമ്മതിച്ചിരുന്നു. വിവാദമായ 'യൂണിഫിക്കേഷൻ ചർച്ചിന്' ആബെ നൽകിയ പിന്തുണയാണ് തന്നെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് യമഗാമി മൊഴി നൽകി. തന്റെ മാതാവ് ഈ മതസംഘടനയ്ക്ക് വൻതോതിൽ പണം നൽകിയത് കുടുംബത്തെ ദാരിദ്ര്യത്തിലാക്കിയെന്ന പകയാണ് ഇതിന് പിന്നിലെന്നും പ്രതി വ്യക്തമാക്കിയിരുന്നു.
പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ജീവപര്യന്തം ശിക്ഷ കോടതി ശരിവെക്കുകയായിരുന്നു. പ്രതിയുടെ പശ്ചാത്തലം പരിഗണിച്ച് ശിക്ഷ 20 വർഷമായി കുറയ്ക്കണമെന്ന് പ്രതിഭാഗം അഭിഭാഷകർ വാദിച്ചെങ്കിലും കോടതി അത് തള്ളിക്കൊണ്ടാണ് വിധി പ്രസ്താവിച്ചത്. ജപ്പാനിലെ ആധുനിക രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നടുക്കുന്ന സംഭവങ്ങളിലൊന്നായിരുന്നു ഈ വധക്കേസ്. വിധി പ്രസ്താവിക്കുന്നത് കേൾക്കാൻ നൂറുകണക്കിന് ആളുകളാണ് കോടതിക്ക് പുറത്ത് തടിച്ചുകൂടിയത്.
Key Words : Japan, Shinzo Abe, Life in prison, Assassination


COMMENTS