ടെഹ്‌റാൻ: ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടം തകർച്ചയുടെ വക്കിലാണെന്നും അധികം വൈകാതെ തന്നെ നിലംപൊത്തുമെന്നും ഇറാനിൽനിന്നും നാടുകടത്തപ്പെട്...
ടെഹ്‌റാൻ: ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടം തകർച്ചയുടെ വക്കിലാണെന്നും അധികം വൈകാതെ തന്നെ നിലംപൊത്തുമെന്നും ഇറാനിൽനിന്നും നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്‌ലവി. ഇറാനിൽ ആഴ്ചകളായി തുടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഭരണകൂടം നടത്തുന്ന അക്രമാസക്തമായ ശ്രമങ്ങൾ അവരുടെ അവസാനത്തെ പതർച്ചയുടെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പഹ്‌ലവി ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാനിലെ പ്രതിഷേധക്കാർക്ക് ലോകരാജ്യങ്ങൾ ഉറച്ച പിന്തുണ നൽകണമെന്ന് പഹ്‌ലവി ആവശ്യപ്പെട്ടു. "പരമോന്നത നേതാവ് അലി ഖൊമേനി ഇറാനിലെ ജനങ്ങൾക്കെതിരെ പണ്ടേ യുദ്ധം പ്രഖ്യാപിച്ചതാണ്. ഇവിടുത്തെ ഭരണകൂടം ജനങ്ങളുടെ ആഭ്യന്തര ശത്രുവായി മാറിയിരിക്കുന്നു," അദ്ദേഹം ആരോപിച്ചു.
പ്രതിഷേധങ്ങളെ തോക്കുകൊണ്ട് നേരിടുന്നത് ജനങ്ങളെ ഭയപ്പെടുത്താനുള്ള ഭരണകൂടത്തിന്റെ അവസാനത്തെ തന്ത്രമാണെന്നും ഇത് വിജയിക്കില്ലെന്നും പഹ്‌ലവി പറഞ്ഞു. ഭരണകൂടം വീണാൽ ഇറാനെ ഒരു ജനാധിപത്യ പാതയിലേക്ക് നയിക്കാൻ താൻ ഒരു നിഷ്പക്ഷ മധ്യസ്ഥനായി പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിലെ ധീരരായ ജനതയ്ക്ക് വേണ്ടി അന്താരാഷ്ട്ര സമൂഹം വെറും വാക്കുകൾക്കപ്പുറം പ്രവർത്തിക്കണമെന്നും, ഇറാൻ വിപ്ലവ ഗാർഡിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Key Words : Iran, Iran's Crown Prince


COMMENTS