എറണാകുളം: ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടിസ്. കോർപ്പറേഷനിലെ സിപിഎം ...
എറണാകുളം: ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടിസ്. കോർപ്പറേഷനിലെ സിപിഎം പാർലമെൻ്ററി പാർട്ടി നേതാവ് എസ്‌പി ദീപക് നൽകിയ ഹർജിയിലാണ് നടപടി. ദൈവനാമത്തിന് പകരം വിവിധ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ചോദ്യം ചെയ്തുള്ള ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
ഡിസംബർ 21ന് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങാണ് വിവാദത്തിന് ഇടയാക്കിയത്. തെരഞ്ഞെടുപ്പിൽ വിജയിച്ച 34 ബിജെപി കൗൺസിലർമാരിൽ 20 പേരും നിയമം അനുശാസിക്കുന്ന നിശ്ചിത മാതൃകയിലുള്ള സത്യവാചകത്തിൽ മാറ്റം വരുത്തിയാണ് സത്യപ്രതിജ്ഞ ചൊല്ലിയതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം കൗൺസിലർമാർക്ക് സത്യപ്രതിജ്ഞ ചെയ്യുന്നതിനായി കൃത്യമായ മാതൃക നിഷ്കർഷിച്ചിട്ടുണ്ട്. ഈ ഫോമിൽ ദൈവനാമത്തിൽ എന്നോ അല്ലെങ്കിൽ സഗൗരവം എന്നോ ആണ് ഉപയോഗിക്കേണ്ടത്. എന്നാൽ ഇതിന് വിരുദ്ധമായി ശബരിമല അയ്യപ്പൻ, ശ്രീ പത്മനാഭസ്വാമി, ശ്രീകൃഷ്ണൻ തുടങ്ങിയ ദൈവങ്ങളുടെ പേരുകളും ചിലർ പാർട്ടി ബലിദാനികളുടെ പേരുകളും കൂട്ടിച്ചേർത്താണ് സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്.
തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ 143-ാം വകുപ്പ് പ്രകാരമാണ് കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ഇത് ലംഘിച്ച് ഇഷ്ട ദൈവങ്ങളുടെ പേര് പറയുന്നത് നിയമവിരുദ്ധമാണെന്നും അതിനാൽ സത്യപ്രതിജ്ഞയ്ക്ക് നിയമസാധുത ഇല്ലെന്നുമാണ് ഹർജിക്കാരൻ്റെ വാദം.
Key Words : High Court Notice, BJP Councillors , Thiruvananthapuram Corporation, Oath


COMMENTS