കൊച്ചി : തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന വിനോദ നികുതി ഒഴിവാക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാരിനെതിരെ സിനിമ സംഘടനകൾ ...
കൊച്ചി : തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന വിനോദ നികുതി ഒഴിവാക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാരിനെതിരെ സിനിമ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു. ഇതിൻ്റെ ഭാഗമായി ജനുവരി 21ന് സംസ്ഥാനവ്യാപകമായി സിനിമ മേഖലയിൽ സൂചന പണിമുടക്ക് നടത്തുമെന്ന് ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ സംയുക്തമായി അറിയിച്ചു.
ജനുവരി 21ന് നടക്കുന്ന പണിമുടക്ക് സിനിമ മേഖലയെ ആകമാനം നിശ്ചലമാക്കും. അന്നേദിവസം തീയറ്ററുകളിൽ സിനിമ പ്രദർശനം ഉണ്ടാകില്ലെന്ന് മാത്രമല്ല ഷൂട്ടിംഗ്, ഡബ്ബിംഗ്, എഡിറ്റിങ് തുടങ്ങിയ നിർമാണ അനുബന്ധ ജോലികളും പൂർണമായി നിർത്തിവയ്ക്കും. ഫിലിം ചേംബറിൻ്റെ നേതൃത്വത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ഫിയോക് തുടങ്ങിയ സംഘടനകൾ ഒറ്റക്കെട്ടായാണ് സമരരംഗത്തുള്ളത്.
ജിഎസ്ടിക്ക് പുറമെ വിനോദ നികുതി കൂടി നൽകേണ്ടി വരുന്നത് സിനിമാ മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജിഎസ്ടിയും വിനോദ നികുതിയും വിനോദ നികുതിക്ക് മേലുള്ള ജിഎസ്ടിയും ചേർന്ന് ഫലത്തിൽ മൂന്ന് തരത്തിലുള്ള നികുതിഭാരമാണ് സിനിമ വ്യവസായം അനുഭവിക്കുന്നതെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. തീയറ്ററുകൾക്ക് വലിയ തുക നികുതി കുടിശികയും അതിന്മേൽ ഭീമമായ പലിശയും വരുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന നികുതി പൂർണമായും ഒഴിവാക്കണമെന്നതാണ് സംഘടനകളുടെ പ്രധാന ആവശ്യം.
സർക്കാരിൻ്റെ ഭാഗമായി രണ്ട് സിനിമാക്കാർ ഭരണതലത്തിൽ ഉണ്ടായിട്ടും സിനിമ മേഖലയുടെ പ്രശ്നങ്ങളിൽ കാര്യമായ ഇടപെടലുകൾ ഉണ്ടായില്ലെന്ന് സംഘടനകൾ കുറ്റപ്പെടുത്തി. മന്ത്രി കെബി ഗണേഷ് കുമാറും മുകേഷും സർക്കാരിൻ്റെ ഭാഗമായിട്ടും ഗുണമുണ്ടായില്ലെന്ന വിമർശനമാണ് ഉയരുന്നത്. പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് സംസ്ഥാന സർക്കാർ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ജനുവരി 21ന് സിനിമ പ്രദർശനവും നിർമാണവും അടക്കം എല്ലാ പ്രവർത്തനങ്ങളും സ്തംഭിപ്പിച്ചുകൊണ്ട് സൂചനാ സമരം നടത്താൻ തീരുമാനിച്ചത്.
നിലവിൽ രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയപ്പോൾ സേവന നികുതിയും വിനോദ നികുതിയും ഉൾപ്പെടെയുള്ള മറ്റ് നികുതികൾ അതിൽ ലയിപ്പിക്കുമെന്നായിരുന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ കേരളത്തിൽ വിനോദ നികുതി പിരിക്കാനുള്ള അവകാശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. 18 ശതമാനം അല്ലെങ്കിൽ 12 ശതമാനം ജിഎസ്ടി നൽകുന്നതിന് പുറമെയാണ് കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലങ്ങളിൽ എട്ടര ശതമാനം മുതൽ പത്ത് ശതമാനം വരെ വിനോദ നികുതി അധികമായി നൽകേണ്ടി വരുന്നത്.
Key Words : Film Organizations, Protest, Keral Government, Theatre, Strike

COMMENTS