കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം അടുക്കുന്നതിനിടെ ബേപ്പൂർ മണ്ഡലം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. പി.വി. അൻവർ - പി.എ. മുഹമ്മദ് റ...
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം അടുക്കുന്നതിനിടെ ബേപ്പൂർ മണ്ഡലം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. പി.വി. അൻവർ - പി.എ. മുഹമ്മദ് റിയാസ് മത്സരത്തിന് കളമൊരുങ്ങുകയാണ് ബേപ്പൂരിൽ. അൻവറിനെ മത്സരിപ്പിക്കുന്നതിൽ യു.ഡി.എഫിൽ ഏകദേശ ധാരണയായി. നിലവിൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററായ അൻവറിനെ യു.ഡി.എഫ് അസോസിയേറ്റ് അംഗമായി അംഗീകരിച്ചതോടെയാണ് അദ്ദേഹം മത്സരരംഗത്തേക്ക് ഇറങ്ങുന്നത്.
ബേപ്പൂർ മണ്ഡലത്തിൽ സജീവമായ അൻവർ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.സി. മായിൻഹാജി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെയും വിവിധ സമുദായ നേതാക്കളെയും നേരിൽ കണ്ട് പിന്തുണ അഭ്യർഥിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരിൽ അൻവർ മത്സരിക്കുന്നത് യു.ഡി.എഫിന് ഗുണകരമാകുമെന്നാണ് മുന്നണിയുടെ വിലയിരുത്തൽ.
അൻവർ മത്സരിച്ചാൽ ബേപ്പൂർ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമായി മാറുമെന്ന് മുസ്ലിം ലീഗ് നേതൃത്വം അഭിപ്രായപ്പെട്ടു. അൻവറിനെ അനുകൂലിച്ച് നേരത്തെ തന്നെ മണ്ഡലത്തിൽ ബോർഡുകൾ ഉയർന്നിരുന്നു. അതേസമയം അൻവറിന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ മണ്ഡലത്തിൽ ചിലയിടങ്ങളിൽ പ്രതിഷേധസൂചകമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ബേപ്പൂരിൽ അൻവർ വേണ്ടെന്ന് ചില പ്രാദേശിക കോൺഗ്രസ് നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസുകാരനായ ഒരു മുസ്ലിം സ്ഥാനാർഥി ബേപ്പൂരിൽ ഇറങ്ങണമെന്നതാണ് ജില്ലാ കോൺഗ്രസിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. എന്നാൽ മുഹമ്മദ് റിയാസിനോട് ഏറ്റുമുട്ടാൻ ആര് ഇറങ്ങും എന്ന കാര്യത്തിലും അവ്യക്തതയാണ്.
ബേപ്പൂരിൽ ആര് മത്സരിച്ചാലും എൽ.ഡി.എഫ് തന്നെ വിജയിക്കുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. "സ്ഥാനാർഥി പ്രഖ്യാപനം നടത്തുക പാർട്ടിയും മുന്നണിയും ചേർന്നാണ്. ആര് എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. അവിടെ അവർ മത്സരിക്കും. ഇപ്പോൾ അതേക്കുറിച്ച് ഒരു തീരുമാനവും ആയിട്ടില്ല" മുഹമ്മദ് റിയാസ് പറഞ്ഞു. അതിനിടയിൽ എൻ.സി.പി. മത്സരിക്കുന്ന എലത്തൂർ സി.പി.എം. ഏറ്റെടുത്ത് റിയാസിനെ അവിടെ മത്സരിപ്പിക്കും എന്നൊക്കെ പ്രചാരണങ്ങൾ ഉണ്ടായിരുന്നു.
Key Words : Beypore, P.V. Anwar , PV Muhammad Riyaz


COMMENTS