Elections at the Doorstep: Pinarayi to Lead LDF; Competition Among MPs to Contest in Congress; BJP Aims for at Least Ten Seats
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിയിരിക്കെ, മൂന്നു മുന്നണികളും തിരക്കിട്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്കു കടന്നു കഴിഞ്ഞു. പഞ്ചായത്തു തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി വളരെ ജാഗ്രതയിലാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, വലിയ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ 'വിജയസാധ്യത' മാത്രം മുന്‍നിര്‍ത്തി പ്രമുഖരെത്തന്നെ കളത്തിലിറക്കാനാണ് സി.പി.എം മറ്റു കക്ഷികള്‍ക്കും നല്കിയിരിക്കുന്ന നിര്‍ദ്ദേശം.
നിലവിലുള്ള പ്രമുഖ എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും വീണ്ടും അവസരം നല്‍കാനാണ് സി.പി.എം ആലോചന. പിണറായി വിജയന്‍ തന്നെ മുന്നണിയെ നയിക്കും. അദ്ദേഹം വീണ്ടും ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്നാണ് അറിയുന്നത്.
മട്ടന്നൂരില്‍ നിന്ന് ശൈലജ ടീച്ചര്‍ വീണ്ടും മത്സരിക്കാന്‍ പാര്‍ട്ടിയില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ആറന്മുളയില്‍ നിന്ന് വീണാ ജോര്‍ജ് വീണ്ടും മത്സരിക്കും. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി മൂന്നാം തവണയും വര്‍ക്കലയില്‍ ജനവിധി തേടും. പി.വി. ശ്രീനിജന്‍ (കുന്നത്തുനാട്), യു. പ്രതിഭ (കായംകുളം) എന്നിവര്‍ക്കും വീണ്ടും അവസരം ലഭിച്ചേക്കും.
ശബരമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സി.ഐ.ടി അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ കടകംപള്ളി സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ജയസാദ്ധ്യത കുറഞ്ഞവര്‍ക്കു പാര്‍ട്ടിയിലെ രണ്ടു ടേം നിബന്ധന ഇത്തവണയും കര്‍ശനമായി നടപ്പാക്കാനാണ് സാധ്യത.
മുകേഷ് (കൊല്ലം), എം.എം. മണി (ഉടുമ്പഞ്ചോല), എ.സി. മൊയ്തീന്‍ (കുന്നംകുളം) തുടങ്ങിയവര്‍ക്ക് ഇത്തവണ പല കാരണങ്ങളാല്‍ സീറ്റ് ലഭിക്കാന്‍ സാധ്യത കുറവാണ്. ഇവര്‍ക്ക് പകരം പുതിയ മുഖങ്ങളെ പാര്‍ട്ടി പരീക്ഷിച്ചേക്കും.
മുന്നണിയിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) ഇത്തവണ 13 സീറ്റുകള്‍ ലക്ഷ്യമിടുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി പാലാ മണ്ഡലം തിരിച്ചുപിടിക്കാനായി നേരിട്ട് മത്സരരംഗത്തിറങ്ങും. കഴിഞ്ഞ തവണ സി.പിഎമ്മിന് വിട്ടുനല്‍കിയ കുറ്റ്യാടി സീറ്റ് ഇത്തവണ തിരികെ വേണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റ്യാടി ലഭിച്ചില്ലെങ്കില്‍ ഗുരുവായൂര്‍, കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നിനായി അവര്‍ അവകാശവാദം ഉന്നയിക്കും.
ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ സി.പി.ഐയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. നിലവിലെ മന്ത്രിമാരില്‍ പലരും വീണ്ടും മത്സരിക്കാനാണ് സാധ്യത. കടന്നപ്പള്ളി രാമചന്ദ്രന്‍ (കോണ്‍ഗ്രസ് എസ്), കെ.ബി. ഗണേശ് കുമാര്‍ (കേരള കോണ്‍ഗ്രസ് ബി) തുടങ്ങിയവര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ തുടരും.
ഭരണവിരുദ്ധ വികാരം മറികടക്കാന്‍ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം പ്രാദേശികമായി സ്വാധീനമുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയും എല്‍.ഡി.എഫ് പരിഗണിക്കുന്നുണ്ട്. ഈ മാസം പകുതിയോടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി ആദ്യവാരത്തോടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനാണ് ഇടതു മുന്നണി ലക്ഷ്യമിടുന്നത്.
ലോക്സഭാ എംപിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ വയനാട്ടില്‍ നടക്കാന്‍ പോകുന്ന കോണ്‍ഗ്രസ് നേതൃത്വ ക്യാമ്പ് (വയനാട് കോണ്‍ക്ലേവ്) അന്തിമ തീരുമാനമെടുക്കുമെന്നാണ് നേതൃത്വം പറയുന്നത്. 'ലക്ഷ്യം 2026' എന്ന് പേരിട്ടിരിക്കുന്ന ഈ കോണ്‍ക്ലേവില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും സ്ഥാനാര്‍ത്ഥി മാനദണ്ഡങ്ങള്‍ക്കും രൂപം നല്‍കും.
കെ. സുധാകരന്‍ (കണ്ണൂര്‍), ശശി തരൂര്‍ (തിരുവനന്തപുരം), ഹൈബി ഈഡന്‍ (വൈപ്പിന്‍), ഷാഫി പറമ്പില്‍ (പാലക്കാട്), അടൂര്‍ പ്രകാശ് (കോന്നി) എന്നീ എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണം കിട്ടുമെന്നും മന്ത്രിസ്ഥാനം ലഭിക്കുമെന്നുമുള്ള മോഹത്തിലാണ് എല്ലാവരും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നത്. കെ.സി. വേണുഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വവും ചര്‍ച്ചകളില്‍ സജീവമാണ്.
ജനുവരി 15-ന് ശേഷം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാനാണ് കോണ്‍ഗ്രസ് നീക്കം. കഴിഞ്ഞ തവണ പ്രചാരണത്തിലുണ്ടായ കാലതാമസം ഒഴിവാക്കാന്‍ ഇത്തവണ നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. പകുതി സീറ്റുകളില്‍ യുവാക്കളെയും വനിതകളെയും ഉള്‍പ്പെടുത്തണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം നടപ്പാക്കാന്‍ ശ്രമിക്കും. പുതുമുഖങ്ങള്‍ക്കും പ്രാദേശികമായി സ്വീകാര്യതയുള്ളവര്‍ക്കും മുന്‍ഗണന നല്‍കും. നടന്‍ രമേഷ് പിഷാരടി ഉള്‍പ്പെടെയുള്ള അപ്രതീക്ഷിത മുഖങ്ങളും പട്ടികയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ക്യാമ്പില്‍ ഓരോ മണ്ഡലത്തിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തും. സിറ്റിംഗ് എംഎല്‍എമാരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും ഇവിടെ ചര്‍ച്ചയാകും. ഘടകകക്ഷികളുമായുള്ള (പ്രത്യേകിച്ച് മുസ്ലിം ലീഗ്) സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായുള്ള രൂപരേഖ ഇവിടെ തയ്യാറാക്കും.
സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ വികാരവും ജനങ്ങളിലെത്തിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യും. ശബരിമല സ്വണ്ണക്കൊള്ള, തൊഴിലുറപ്പ് പദ്ധതിയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ സജീവ ചര്‍ച്ചയാക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരമാവധി കരുത്തരായ സ്ഥാനാര്‍ത്ഥികളെ അണിനിരത്തി അധികാരം പിടിച്ചെടുക്കാനുള്ള തീവ്രമായ ഒരുക്കത്തിലാണ് കെപിസിസി നേതൃത്വം. പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ കിട്ടിയ മേല്‍ക്കൈ യു ഡി എഫിന് അതിരറ്റ ആത്മവിശ്വാസമാണ് നല്കിയിരിക്കുന്നത്.
കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ പരമാവധി മണ്ഡലങ്ങളില്‍ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തില്‍ മുന്നിലെത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി എ ക്ലാസ് മണ്ഡലങ്ങളില്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.
നേമം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
കഴക്കൂട്ടം: മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ കഴക്കൂട്ടത്ത് വീണ്ടും ജനവിധി തേടിയേക്കും.
വട്ടിയൂര്‍ക്കാവ്: മുന്‍ ഡിജിപി ആര്‍. ശ്രീലേഖ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന.
കായംകുളം: ശോഭാ സുരേന്ദ്രന്‍ കായംകുളത്ത് മത്സരിക്കാന്‍ സാധ്യതയുണ്ട്.
പാലാ: രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ച് ഷോണ്‍ ജോര്‍ജിനെ പാലായില്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, കുമ്മനം രാജശേഖരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും മത്സരരംഗത്തുണ്ടാകും.
തിരുവനന്തപുരത്ത് ജി. കൃഷ്ണകുമാര്‍, ആറ്റിങ്ങലില്‍ പി. സുധീര്‍, ചിറയിന്‍കീഴില്‍ ആശാ നാഥ് എന്നിവരുടെ പേരുകളും മുന്‍ഗണനാ പട്ടികയിലുണ്ട്.
36 'എ ക്ലാസ്' മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ചുരുങ്ങിയത് 10 സീറ്റുകളിലെങ്കിലും വിജയിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. തിരുവനന്തപുരം ജില്ലയില്‍ ഇത്തവണ വലിയ മുന്നേറ്റം പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിയമസഭയിലും ആവര്‍ത്തിക്കാനാണ് നീക്കം.
ക്രിസ്ത്യന്‍ വോട്ടുകള്‍ ഇത്തവണ അനുകൂലമാകുമെന്ന വിലയിരുത്തലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഫലിക്കും.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തും. ഇതോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗം ലഭിക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്.
കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് ശതമാനവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കൃത്യമായി വിശകലനം ചെയ്തുകൊണ്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനാണ് ബിജെപി നേതൃത്വം മുന്‍ഗണന നല്‍കുന്നത്.





COMMENTS