തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കാതെ ദേവസ്വം മന്ത്രി വിഎൻ ...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കാതെ ദേവസ്വം മന്ത്രി വിഎൻ വാസവൻ. തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തോട് പ്രത്യേകം പ്രതികരണം നൽകേണ്ട കാര്യമില്ലെന്ന് വാസവൻ മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ്. ഓരോ ഘട്ടത്തിലും പ്രത്യേകമായി അഭിപ്രായം പറയുന്നില്ല. വ്യത്യസ്ത അഭിപ്രായം ഏതെങ്കിലും ഉണ്ടേൽ ആ ഘട്ടത്തിൽ പറയാമെന്നും ദേവസ്വം മന്ത്രി പ്രതികരിച്ചു.അറസ്റ്റിനെപ്പറ്റി നിലവിൽ പ്രതികരിക്കുന്നത് നിയമപരമായി ശരിയല്ലെന്നായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിന്റെ പ്രതികരണം.
ശബരിമല സ്വർണ്ണപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ ഒരു സമ്മർദവും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു. തന്ത്രിയുടെ അറസ്റ്റിന് പിന്നാലെയായിരുന്നു സംസ്ഥാന പോലീസ് മേധാവിയുടെ പ്രതികരണം. എസ്‌ഐടി ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. പൂർണ സ്വാതന്ത്ര്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഹൈക്കോടതി എസ്‌ഐടി അന്വേഷണത്തിൽ തൃപ്തരാണെന്നും ഡിജിപി പ്രതികരിച്ചു.
ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ട് പോകുമെന്നും ഡിജിപി വ്യക്തമാക്കി. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് തെളിവുകൾ പരിശോധിച്ച് നടപടിയുണ്ടാകുമെന്നായിരുന്നു ഡിജിപിയുടെ മറുപടി. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുന്നുണ്ടെന്നും ഡിജിപി മാധ്യമങ്ങളോട് വ്യക്തമാക്കി.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. നേരത്തെ എസ്‌ഐടി രാജീവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
Key Words : Devaswom Minister, Thantri Kantarar Rajeevar's arrest

COMMENTS