ഹൈദരാബാദ് : പ്രണയബന്ധത്തിന് തടസം നിന്ന അച്ഛനെയും അമ്മയെയും ഉയർന്ന അളവിൽ മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തി നഴ്സായ 20വയസ്സുകാരി. തെലങ്കാനയിലെ...
ഹൈദരാബാദ് : പ്രണയബന്ധത്തിന് തടസം നിന്ന അച്ഛനെയും അമ്മയെയും ഉയർന്ന അളവിൽ മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തി നഴ്സായ 20വയസ്സുകാരി. തെലങ്കാനയിലെ വികരാബാദിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ നക്കല സുരേഖ (20)യാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയത്
ഈ മാസം 25നാണ് യാചാരം പ്രദേശത്തെ വീട്ടിൽ ദമ്പതികളായ എൻ. ദശരഥം (58), ഭാര്യ ലക്ഷ്മി (54) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കർഷകനായ ദശരഥം ആത്മഹത്യ ചെയ്തതാണെന്നും ഇതിന്റെ ആഘാതത്തിൽ ഭാര്യ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു എന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ വിവരം. എന്നാൽ പിന്നീട് സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ രക്തം പുരണ്ട സിറിഞ്ച് കണ്ടെത്തിയത് പൊലീസിൽ സംശയം ജനിപ്പിച്ചു.മരണത്തിൽ ദുരൂഹത തോന്നിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയും ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി ദമ്പതികളുടെ മക്കളെ പൊലീസ് ചോദ്യം ചെയ്തു. ഇളയ മകളായ സുരേഖയുടെ മൊഴിയിൽ വൈരുധ്യം ഉണ്ടായതിനെ തുടർന്ന് വീണ്ടും നടത്തിയ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.ജനുവരി 24ന് രാത്രിയാണ് താൻ മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ച സുരേഖ, അതിനു പിന്നിലെ കാരണവും രീതിയും വിശദീകരിച്ചു. മാതാപിതാക്കൾ തന്റെ പ്രണയത്തെ അംഗീകരിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഇരുവരെയും കൊല്ലാൻ തീരുമാനിച്ചതെന്ന് മകൾ പറഞ്ഞു. ഇതിനായി സുരേഖ താൻ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നിന്ന് മരുന്ന് മോഷ്ടിക്കുകയായിരുന്നു.ഓപ്പറേഷൻ തിയേറ്ററിൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികളുടെ പേശികൾക്ക് അയവ് വരുത്താൻ ഉപയോഗിക്കുന്ന മരുന്നാണ് മോഷ്ടിച്ചത്. തുടർന്ന് ഉയർന്ന ഡോസിൽ അച്ഛനും അമ്മയ്ക്കും കുത്തിവയ്ക്കുകയായിരുന്നു. ഇതിനായി നാല് കുപ്പി മരുന്നാണ് സുരേഖ ആശുപത്രിയിൽ നിന്ന് കവർന്നതെന്ന് ധരൂർ സർക്കിൾ ഇൻസ്പെക്ടർ സിഎച്ച് രഘുരാമുലു പറഞ്ഞു.
അത്താഴത്തിന് ശേഷം, വിശ്രമിക്കാൻ മരുന്ന് നൽകാമെന്ന വ്യാജേനയാണ് സുരേഖ മാതാപിതാക്കൾക്ക് ജീവന് ഭീഷണിയാവുന്ന തോതിൽ മരുന്ന് കുത്തിവച്ചത്. കുറ്റകൃത്യത്തിന് ശേഷം സുരേഖ അവധിയെടുത്ത് വികാരാബാദ് ജില്ലയിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയതായി പൊലീസ് പറഞ്ഞു. വീട്ടിൽ നിന്ന് കണ്ടെത്തിയ മരുന്നിന്റെ സീരിയൽ നമ്പർ ആശുപത്രി രേഖകളുമായി ഒത്തുനോക്കിയപ്പോൾ, പ്രതി ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയിലെ മരുന്നുകളിൽ പെട്ടതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.പ്രണയബന്ധം എതിർത്തതിനെ തുടർന്ന് കുറച്ചുനാളായി സുരേഖയുടെ വീട്ടിൽ കലഹം പതിവായിരുന്നെന്നും വീട്ടിൽനിന്നും വഴക്കിടുന്ന ശബ്ദം പതിവായി കേൾക്കുമായിരുന്നെന്നും അയൽക്കാർ പറയുന്നു. അതേസമയം, സുരേഖയുടെ ആൺസുഹൃത്തിന് കൃത്യത്തിൽ പങ്കില്ലെന്ന് പൊലീസ് പറഞ്ഞു.
Key Words : A 20-year-old woman, Murer, Love

COMMENTS