V.V. Rajesh to be Thiruvananthapuram Mayor; Asha Nath Named Deputy Mayor Candidate
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി ബിജെപി മുതിര്‍ന്ന നേതാവ് വി.വി. രാജേഷിനെ നിശ്ചയിച്ചു. ആശാ നാഥ് ആയിരിക്കും ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി.
ബിജെപി സംസ്ഥാന സെക്രട്ടറിയും മുന്‍ ജില്ലാ പ്രസിഡന്റുമായ വി.വി. രാജേഷ് കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ് വിജയിച്ചത്.
മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ പേര് മേയര്‍ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും രാഷ്ട്രീയ പരിചയസമ്പന്നനായ ഒരാള്‍ തന്നെ ഭരണത്തെ നയിക്കണമെന്ന പാര്‍ട്ടി നിലപാടാണ് രാജേഷിന് അനുകൂലമായത്. ശ്രീലേഖയെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അവര്‍ മേയര്‍ സ്ഥാനത്തുനിന്ന് മാറിനില്‍ക്കുന്നത്.
യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന വി.വി. രാജേഷിന് ആര്‍എസ്എസിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കോര്‍പറേഷനിലെ ഭരണവിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തി എന്ന നിലയിലുള്ള പരിചയവും പാര്‍ട്ടി അദ്ദേഹത്തെ ഈ പദവിയിലേക്ക് തിരഞ്ഞെടുക്കാന്‍ കാരണമായി.
മറ്റ് പാര്‍ട്ടികളില്‍ നിന്ന് കരുത്തരായ നേതാക്കള്‍ കൗണ്‍സിലിലേക്ക് എത്തുന്ന സാഹചര്യത്തില്‍, രാഷ്ട്രീയ പരിചയമുള്ള ഒരാള്‍ തന്നെ മേയറാകണമെന്ന പാര്‍ട്ടിയിലെയും ആര്‍എസ്എസിലെയും പൊതുവികാരവും രാജേഷിന് അനുകൂലമായി.
കരുമം വാര്‍ഡില്‍ നിന്ന് വിജയിച്ച ആശാ നാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയാകും. സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയയായ ആശാ നാഥ് ബിജെപി എ ക്ലാസ് മണ്ഡലമായി കരുതുന്ന നേമം നിയോജകമണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ്.101 അംഗ കോര്‍പറേഷനില്‍ ബിജെപിക്ക് നിലവില്‍ 50 സീറ്റുകളാണുള്ളത്. ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷത്തിന് (51 സീറ്റ്) ഒരു സീറ്റിന്റെ കുറവുണ്ട്. സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ ഭരണം ഉറപ്പിക്കാനാണ് ബിജെപി നീക്കം.
മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ 26-ന് നടക്കും. രാവിലെ 10.30-ന് മേയര്‍ തിരഞ്ഞെടുപ്പും ഉച്ചയ്ക്ക് 2.30-ന് ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പും നടക്കും.


COMMENTS