V.V. Rajesh Likely to be Thiruvananthapuram Corporation Mayor, R. Sreelekha May Be Deputy Mayor; Former DGP Also Likely Assembly Candidate in
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരു കോര്‍പറേഷന്റെ ഭരണം പിടിച്ച ബിജെപി, തിരുവനന്തപുരം കോര്‍പറേഷനിലെ മേയര്‍ സ്ഥാനത്തേക്ക് സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിനെ പരിഗണിക്കുന്നതായി സൂചന. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് രാജേഷ് മേയറാകുന്നതിനോടാണ് താത്പര്യം.
കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ് രാജേഷ് വിജയിച്ചത്. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്.
വി.വി. രാജേഷിനെ മേയറാക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ഡെപ്യൂട്ടി മേയറാകും എന്നാണ് സൂചന. ഒരു വനിതയെ മേയറാക്കുകയെന്ന ഖ്യാതിക്കു വേണ്ടി ബിജെപി കേന്ദ്ര നേതൃത്വം ചിന്തിക്കുമോ എന്നറിയേണ്ടതുണ്ട്. ഡിജിപി എന്ന നിലയിലെ ഭരണ പരിചയം അവര്‍ക്കു തുണയാകുന്നുണ്ട്.
മേയര്‍ പദവിയില്ലെങ്കിലും സാധാരണ കൗണ്‍സിലറായി തുടരുന്നതില്‍ തൃപ്തയാണെന്നാണ് ആര്‍. ശ്രീലേഖ പ്രതികരിച്ചത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് ശേഷം ആര്‍. ശ്രീലേഖയെ വട്ടിയൂര്‍ക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുതിര്‍ന്ന നേതാക്കള്‍ കൗണ്‍സിലില്‍ ഉള്ളതിനാല്‍ കൗണ്‍സില്‍ യോഗങ്ങള്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും രാഷ്ട്രീയപരമായ വിഷയങ്ങളില്‍ ശ്രീലേഖയ്ക്ക് പരിമിതികളുണ്ടായേക്കാം എന്നും വിലയിരുത്തുന്നു. അതിനാല്‍, രാഷ്ട്രീയ പ്രവര്‍ത്തന പരിചയമുള്ള രാജേഷിനു തന്നെയാണ് മുന്‍ഗണന.
കോര്‍പറേഷനിലെ ആകെ 101 വാര്‍ഡുകളില്‍ 50 സീറ്റുകള്‍ നേടിയാണ് ബിജെപി (എന്‍ഡിഎ) ഭരണം ഉറപ്പിച്ചത്. കേവല ഭൂരിപക്ഷം ഉറപ്പിക്കാന്‍ ഒരാളുടെ കൂടി പിന്തുണ വേണ്ടതുണ്ട്. വിജയിച്ച രണ്ടു സ്വതന്ത്രരുടെ പന്തുണയ്ക്കായി ബിജെപി തിരക്കിട്ടു ശ്രമിക്കുന്നുണ്ട്. എല്‍ഡിഎഫ് 29 സീറ്റുകളും, യുഡിഎഫ് 19 സീറ്റുകളും നേടി.


COMMENTS