തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി നാളത്തേക്ക് മാറ്റി. തുടർ വാദത്തിന് ശേഷമാവും വിധി പറയുക. സെഷൻസ് കോ...
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി നാളത്തേക്ക് മാറ്റി. തുടർ വാദത്തിന് ശേഷമാവും വിധി പറയുക. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദം ഇന്നുച്ചയോടെ നിർത്തിവച്ചു. പ്രോസിക്യൂഷനോട് ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിരവധി രേഖകൾ പരിശോധിക്കാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാലാണ് വിധി നാളത്തേക്ക് മാറ്റിയത്. ഇന്ന് ഉച്ചക്ക് ശേഷം ഉത്തരവ് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു.
അതേസമയം, ഉത്തരവ് വൈകുമെങ്കിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ ഉറപ്പ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു എങ്കിലും ഉറപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂട്ടർ മറുപടി നൽകി. പൊലീസിന്റെ റിപ്പോർട്ടില്‍ രാഹുലിനെതിരെ ഗുരുതര പരാമർശമാണുള്ളതെന്നാണ് വിവരം. രാഹുല്‍ ഭീഷണിപ്പെടുത്തുന്ന ഓഡിയോയും ചാറ്റുകളുമെല്ലാം കോടതിയില്‍ ഹാജരാക്കി.
ജാമ്യം അനുവദിക്കുന്ന പക്ഷം പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാദ്ധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാല്‍, യുവതിയുടെ പരാതി വ്യാജമാണെന്ന് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. പരസ്പര സമ്മതത്തോടെയായിരുന്നു ലൈംഗികബന്ധം. കേസിന് പിന്നില്‍ ബിജെപി - സിപിഎം ഗൂഢാലോചനയാണ്. രാഹുലിന്റെ രാഷ്ട്രീയ ഭാവി തകർക്കാൻ ശ്രമിക്കുന്നു.
സ്വർണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോള്‍ കേസ് വന്നതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അറസ്റ്റിനുള്ള നീക്കം നടത്തിയതിന് പിന്നാലെയായിരുന്നു മുൻകൂർ ജാമ്യഹർജിയുമായി കോടതിയെ സമീപിച്ചത്. പരാതിക്കാരിയുമായി തനിക്ക് ദീർഘകാലമായി സൗഹൃദമുണ്ടെന്നും പക്ഷേ യുവതി പറയുന്നതുപോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നായിരുന്നു രാഹുലിന്റെ ഹർജിയിലെ പ്രധാന വാദം. അന്വേഷണമായി സഹകരിക്കുമെന്നും ഹർജിയില്‍ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്. തുടർന്ന് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡനം, നിർബന്ധിത ഗർഭഛിദ്രം തുടങ്ങി ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ചുമത്തിയത്.
ഇതുപ്രകാരം പത്ത് വർഷം മുതല്‍ ജീവപര്യന്തം തടവ് ശിക്ഷവരെ ലഭിക്കാം. കേസെടുത്തതിന് പിന്നാലെ രാഹുല്‍ ഒളിവില്‍ പോയിരുന്നു. ഇന്നലെ രാഹുലിനെതിരെ ലൈംഗിക പീഡനം ആരോപിച്ച് മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു. കെ പി സി സിക്കാണ് യുവതി പരാതി നല്‍കിയത്. പരാതി പാർട്ടി പൊലീസിന് കൈമാറിയിട്ടുണ്ട്.
Key Words : Verdict, Rahul Mangkootatil, Anticipatory Bail Plea


COMMENTS