സ്വന്തം ലേഖകന്‍ തിരുവനന്തപുരം : തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ യെ കീഴടങ്ങാനെത്തുമെന്ന അഭ്യൂഹത്...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ യെ കീഴടങ്ങാനെത്തുമെന്ന അഭ്യൂഹത്തെ തുടര്‍ന്നു ഹോസ്ദുര്‍ഗ് കോടതി പരിസരത്തു നിലയുറപ്പിച്ചിരുന്നു പൊലീസ് സംഘം മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം മടങ്ങി. ജഡ്ജിയും വൈകിയാണ് കോടതിയില്‍ നിന്നു പോയത്.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) രാഹുലിനെ കസ്റ്റഡിയിലെടുത്തുവെന്നും, കോടതിയില്‍ ഹാജരാക്കാനാണ് നീക്കമെന്നും വാര്‍ത്ത പരന്നിരുന്നു. ഡി വൈ എഫ് ഐ, ബിജെപി പ്രവര്‍ത്തകരുടെ വന്‍ സംഘവും കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. രാഹുലിന് 'പൊതിച്ചോറ്' നല്‍കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഡി.വൈ.എഫ്.ഐ.യുടെ പ്രതിഷേധം വാര്‍ത്താശ്രദ്ധ നേടിയിരുന്നു.
രാഹുല്‍ കര്‍ണാടകയിലെ സുള്ള്യയില്‍ ഉണ്ടായിരുന്നുവെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. അവിടെ നിന്ന് കസ്റ്റഡിയിലെടുത്തു എന്നാണ് അഭ്യൂഹം പരന്നത്.
കീഴടങ്ങുന്നതിനു മുന്‍പ് രാഹുലിനെ കസ്റ്റഡിയിലെടുക്കാനായിരുന്നു പൊലീസിനു തിരുവനന്തപുരത്തുനിന്നു ലഭിച്ച നിര്‍ദ്ദേശം. തുടര്‍ന്നാണ് ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് വന്‍ പോലീസ് സന്നാഹം വിന്യസിച്ചത്. ജില്ലാ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.
ഇതിനിടെ രാഹുല്‍ ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കാന്‍ ഒരുങ്ങുന്നതായാണ് വിവരം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാലുടന്‍ ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. മുതിര്‍ന്ന അഭിഭാഷകനായ എസ് രാജീവാകും ഹൈക്കോടതിയില്‍ രാഹുലിനായി ഹാജരാവുക. രാഹുല്‍ ഒളിവില്‍ പോയിട്ട് എട്ടു ദിവസമായി.
ഇതിനിടെ, രാഹുലിന് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ 'സത്യമേവ ജയതേ' എന്ന് പരാതിക്കാരി സ്റ്റാറ്റസ് ഇട്ടു. 'സത്യം ജയിക്കും' എന്ന പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ശേഷമാണ് രാഹുല്‍ ഒളിവില്‍ പോയത്.
Key words : Rahul Mamkoottathil, High Court, Anticipatory bail


COMMENTS