തിരുവനന്തപുരം : ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയുന്നതുമായി ബന്ധപ്പെട്ട് വി.കെ. പ്രശാന്ത് എംഎൽഎയും കൗൺസിലർ ആർ. ശ്രീലേഖയും തമ്മിലുള്ള തർക്കം മുറ...
തിരുവനന്തപുരം : ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയുന്നതുമായി ബന്ധപ്പെട്ട് വി.കെ. പ്രശാന്ത് എംഎൽഎയും കൗൺസിലർ ആർ. ശ്രീലേഖയും തമ്മിലുള്ള തർക്കം മുറുകുന്നു.
ശാസ്തമംഗലത്ത് നിലവിൽ വി.കെ. പ്രശാന്ത് എംഎൽഎയുടെ ഓഫീസായി പ്രവർത്തിക്കുന്ന കെട്ടിടം വിട്ടുനൽകണമെന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി കൗൺസിലർ ആർ. ശ്രീലേഖ ഉന്നയിച്ച ആവശ്യം നിരാകരിക്ക |താണ് വിവാദത്തിന് കാരണമായത്.
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തിൽ കൗൺസിലർ എന്ന നിലയിൽ തനിക്ക് പ്രവർത്തിക്കാൻ ഇടമില്ലെന്നും അതിനാൽ എംഎൽഎ ഓഫീസ് മാറിത്തരണമെന്നും അവർ ആവശ്യപ്പെട്ടു. വി.കെ. പ്രശാന്തിനെ ഒരു സഹോദരനെപ്പോലെ കണ്ട് താൻ അഭ്യർത്ഥിക്കുകയാണ് ചെയ്തതെന്നും എന്നാൽ "പറ്റുമെങ്കിൽ ഒഴിപ്പിച്ചോ" എന്ന മറുപടിയാണ് അദ്ദേഹത്തിൽ നിന്ന് ലഭിച്ചതെന്നും ശ്രീലേഖ പറഞ്ഞു.
തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഓഫീസ് മാറാൻ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം അറിയിച്ചു. നിലവിൽ ഓഫീസ് പ്രവർത്തിക്കുന്നത് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണെന്ന സൂചനയും അദ്ദേഹം നൽകുന്നു.
വിവാദത്തിന് പിന്നാലെ എംഎൽഎയെ നേരിട്ട് കണ്ടു ശ്രീലേഖ സംസാരിച്ചു. കെട്ടിടത്തിന്റെ കാര്യത്തിൽ മേയറുമായും പാർട്ടി നേതൃത്വവുമായും ആലോചിച്ച് നിയമപരമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ശ്രീലേഖ വ്യക്തമാക്കി.
കോർപ്പറേഷൻ വസ്തുവകയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പോരാട്ടമായി ഈ വിഷയം മാറിയിരിക്കുകയാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണ-പ്രതിപക്ഷ തർക്കങ്ങളുടെ പുതിയ മുഖമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.
ശാസ്തമംഗലം ഹെൽത്ത് സർക്കിൾ ഓഫീസായി പ്രവർത്തിക്കുന്ന കോർപ്പറേഷൻ കെട്ടിടത്തിലാണ് വട്ടിയൂർക്കാവ് എംഎൽഎയുടെ ഓഫീസും പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിന്റെ ഒരു ഭാഗം വാർഡിലെ കൗൺസിലർ ഓഫീസിനായും മാറ്റിവച്ചിട്ടുണ്ട്.
7 വർഷമായി വി.കെ. പ്രശാന്ത് എംഎൽഎയുടെ ഓഫീസ് ഇവിടെയാണ് പ്രവർത്തിക്കുന്നത്. അദ്ദേഹം മേയറായിരുന്ന കാലത്ത് കൗൺസിലർമാർക്ക് ഓഫീസ് അനുവദിക്കാൻ എടുത്ത തീരുമാനപ്രകാരമാണ് ഇത് തുടങ്ങിയത്. പിന്നീട് എംഎൽഎ ആയപ്പോൾ കോർപ്പറേഷൻ കൗൺസിലിന്റെ അനുമതിയോടെ വാടക നിശ്ചയിച്ച് ഓഫീസ് ഈ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.
നിലവിലെ വാടകക്കരാർ 2026 മാർച്ച് 31 വരെയാണ്. കാലാവധി തീരുന്നത് വരെ അവിടെ തുടരാൻ നിയമപരമായ അവകാശമുണ്ടെന്ന് വി.കെ. പ്രശാന്ത് പറയുന്നു. കൂടാതെ നിയമസഭാ കാലാവധി തീരുന്നത് വരെ (മേയ് വരെ) നീട്ടിനൽകാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു കൗൺസിലർ നേരിട്ട് വിളിച്ച് ഓഫീസ് ഒഴിയാൻ പറയുന്നത് ശരിയല്ലെന്നും, സർക്കാർ നടപടിക്രമങ്ങൾ അനുസരിച്ച് കോർപ്പറേഷൻ സെക്രട്ടറി നോട്ടീസ് അയക്കുകയാണ് വേണ്ടതെന്നും പ്രശാന്ത് പറഞ്ഞു.


COMMENTS