തിരുവനന്തപുരം: കേരളത്തിലെ വികസന പദ്ധതികളെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള ഫേസ്ബുക്ക് പോസ്റ്റ് പോര് ...
തിരുവനന്തപുരം: കേരളത്തിലെ വികസന പദ്ധതികളെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള ഫേസ്ബുക്ക് പോസ്റ്റ് പോര് തുടരുന്നു. വികസന പദ്ധതിളോട് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വി ഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു.
മറുപടിക്ക് ഒപ്പം മറുചോദ്യങ്ങളും പരസ്യ സംവാദത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചും സതീശന്‍ പോസ്റ്റിട്ടിരുന്നു. ഇതിനു മറുപടിയാണ് മുഖ്യമന്ത്രി വീണ്ടും നല്‍കിയിരിക്കുന്നത്. എന്നാല്‍, പരസ്യസംവാദ വെല്ലുവിളിയോട് മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. തന്‍റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അബദ്ധ ജഡിലമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
മുഖ്യമന്ത്രിയുടെ പോസ്റ്റിന്‍റെ പൂര്‍ണരൂപം-
ഇന്നലെ പ്രതിപക്ഷ നേതാവിനോട് ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അതിന് മറുപടി എന്ന മട്ടിൽ അദ്ദേഹം ചില കാര്യങ്ങൾ ഇന്ന് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനുപോലും ദൗർഭാഗ്യവശാൽ അതിൽ ഉത്തരം കാണുന്നില്ല. പകരം വസ്തുതാ വിരുദ്ധവും അബദ്ധ ജഡിലവുമായ കുറെ കാര്യങ്ങൾ നിരത്തുകയാണ്. ഞാൻ ഉന്നയിച്ച ഒരു വിഷയത്തിന് പോലും കൃത്യമായ മറുപടി പറയാൻ കഴിയാത്തതിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാകൂ.
പ്രതിപക്ഷം എന്നാൽ നശീകരണ പക്ഷമാണ് എന്ന് സ്വയം വിശ്വസിക്കുന്നതിന്റെ ദുരന്തമാണ് ഇത്. എന്തിനെയും എതിർക്കുക എന്നത് നയമായി സ്വീകർച്ചവർക്ക് ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകളെ പിന്നീട് ന്യായീകരിക്കാൻ കഴിയില്ല.
ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.
ലൈഫ് മിഷന്‍, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെന്‍ഷന്‍,ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്ലൈന്‍, കിഫ്ബി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോണ്‍, ചൂരല്‍മല-മുണ്ടക്കൈ,
കെ-റെയില്‍ എന്നീ വിഷയങ്ങളിൽ പ്രതിപക്ഷത്തിന്‍റെ ഇപ്പോഴത്തെ നിലപാട് എന്ത്, ഇതിനു മുൻപ് സ്വീകരിച്ചതിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്നതാണ് അക്കമിട്ടുള്ള ചോദ്യം. അവയ്ക്കുള്ള മറുപടി പ്രതീക്ഷിക്കുന്നു- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് സംവാദത്തിനു തയാറാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തിനെതിരെ ചില ചോദ്യങ്ങളുയര്‍ത്തി പരസ്യ സംവാദത്തിനു വെല്ലുവിളിച്ചു മുഖ്യമന്ത്രി രംഗത്തു വന്നതിനു പിന്നാലെയാണ് ആ ചോദ്യങ്ങള്‍ക്കു മറുപടിയുമായി മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിനു ക്ഷണിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.
ഫേസ് ബുക്ക് പോസ്റ്റിലൂടെ നടത്തിയ വെല്ലുവിളിയില്‍ സ്ഥലവും സമയവും മുഖ്യമന്ത്രിക്കു തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. തന്‍റെ നിര്‍ദേശം മുഖ്യമന്ത്രി ഏറ്റെടുക്കുമെന്ന് കരുതട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
ശബരിമല ശാസ്താവിന്‍റെ ശ്രീകോവിലെ സ്വര്‍ണം പൊതിഞ്ഞ കട്ടിളയും വാതിലും ദ്വാരപാലക ശില്‍പങ്ങളും ഇനിയും പുറത്ത് വരാത്ത നിരവധി അമൂല്യ വസ്തുക്കളും മോഷ്ടിച്ചതിന് നിലവില്‍ രണ്ടു സഖാക്കള്‍ ജയിലിലാണെന്നത് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മ്മിപ്പിക്കട്ടെ.
ജയിലിലായ മോഷ്ടാക്കളെ ചേര്‍ത്ത് പിടിക്കുന്നതിനൊപ്പം കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും വിമര്‍ശിക്കുന്ന അങ്ങയുടെയും അങ്ങയുടെ പാര്‍ട്ടി നേതാക്കളുടെയും തൊലിക്കട്ടി അപാരമെന്ന് സമ്മതിക്കാതെ തരമില്ല. ഒരു ഡസണില്‍ അധികം ലൈംഗിക ആരോപണ വിധേയരെയും ക്രിമിനലുകളെയും ചേര്‍ത്ത് പിടിക്കുന്ന കേരളത്തിന്‍റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുമാണ് മാതൃകാപരമായ നടപടി സ്വീകരിച്ച ഞങ്ങളെ കുറ്റപ്പെടുത്തുന്നത്.
എന്‍റെ പ്രസ്താവനയില്‍ ഞാന്‍ ഉറച്ചു നില്‍ക്കുകയാണ്; മുഖ്യമന്ത്രീ, നിങ്ങളും നിങ്ങളുടെ പാര്‍ട്ടിയും തന്നെയാണ് പ്രതിരോധത്തില്‍ നില്‍ക്കുന്നതെന്ന് സതീശന്‍ വ്യക്തമാക്കിയിരുന്നു.
Key Words : Pinarayi Vijayan, VD Satheesan, Facebook


COMMENTS