ന്യൂഡൽഹി : ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ഒപ്പിട്ട ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിനെ രൂക്ഷമായി വിമര്‍ശിച്ച് ന്യൂസിലാന്‍ഡ് വിദേശകാര്യ ...
ന്യൂഡൽഹി : ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ഒപ്പിട്ട ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിനെ രൂക്ഷമായി വിമര്‍ശിച്ച് ന്യൂസിലാന്‍ഡ് വിദേശകാര്യ മന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്‌സ്. ഈ കരാര്‍ സ്വതന്ത്രമോ നീതിയുക്തമോ അല്ലെന്നും ന്യൂസിലാന്‍ഡിന് ഇതൊരു മോശം ഇടപാടാണെന്നും അദ്ദേഹം തുറന്നടിച്ചു.
കഴിഞ്ഞ ഒമ്പത് മാസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഡിസംബര്‍ 22 തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണും ചേര്‍ന്ന് കരാര്‍ പൂര്‍ത്തിയായ വിവരം പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം വിദേശകാര്യ മന്ത്രി തന്നെ ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.
ന്യൂസിലാന്‍ഡിന്റെ പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങളായ പാൽ, വെണ്ണ, ചീസ് എന്നിവയെ കരാറിൽ നിന്ന് ഒഴിവാക്കിയതിനെ അദ്ദേഹം ശക്തമായി എതിർത്തു. ഇന്ത്യ ഈ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ തയ്യാറാവാത്തത് ന്യൂസിലാൻഡിലെ കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാപാരവുമായി നേരിട്ട് ബന്ധമില്ലാത്ത കുടിയേറ്റം, തൊഴിൽ വിസ തുടങ്ങിയ കാര്യങ്ങളിൽ ന്യൂസിലാൻഡ് ഇന്ത്യയ്ക്ക് അനാവശ്യമായ ഇളവുകൾ നൽകിയെന്ന് അദ്ദേഹം ആരോപിച്ചു. ഇത് രാജ്യത്തെ തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
തന്റെ മുന്നണിയിലെ പ്രധാന പാർട്ടിയായ നാഷണൽ പാർട്ടി, ഗുണമേന്മയില്ലാത്ത ഈ കരാർ തിരക്കിട്ട് ഒപ്പിട്ടുവെന്ന് പീറ്റേഴ്‌സ് വിമർശിച്ചു. കൂടുതൽ മികച്ച വ്യവസ്ഥകൾക്കായി മൂന്ന് വർഷത്തെ പാർലമെന്ററി കാലാവധി മുഴുവൻ ഉപയോഗിക്കണമെന്ന് തന്റെ പാർട്ടിയായ 'ന്യൂസിലാൻഡ് ഫസ്റ്റ്' ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഈ കരാർ പാർലമെന്റിൽ എത്തുമ്പോൾ തന്റെ പാർട്ടി ഇതിനെതിരെ വോട്ട് ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഈ എതിർപ്പ് ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധത്തിന് തന്റെ പാർട്ടി ഇപ്പോഴും വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Key Words : New Zealand Foreign Minister, India - New Zealend Free Trade Deal


COMMENTS