ഢാക്ക : മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്ത...
ഢാക്ക : മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ 6 മണിയോടെ ധാക്കയിലെ എവർകെയർ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.
ചൊവ്വാഴ്ച പുലർച്ചെ ഫജ്ർ നമസ്കാരത്തിന് തൊട്ടുപിന്നാലെയായിരുന്നു അന്ത്യമെന്ന് ബിഎൻപി വക്താക്കൾ അറിയിച്ചു. കരൾ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, സന്ധിവാതം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയെത്തുടർന്ന് ദീർഘനാളായി അവർ ചികിത്സയിലായിരുന്നു.
നവംബർ 23-ന് ശ്വാസകോശത്തിലും ഹൃദയത്തിലും അണുബാധ ഉണ്ടായതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു ഖാലിദ സിയ. 1991 മുതൽ 1996 വരെയും, പിന്നീട് 2001 മുതൽ 2006 വരെയും അവർ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.
1981-ൽ കൊല്ലപ്പെട്ട മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെ പത്നിയായ അവർ, അദ്ദേഹത്തിന്റെ മരണശേഷം ബിഎൻപി പാർട്ടിയുടെ നേതൃത്വമേറ്റെടുത്തു.
അഴിമതിക്കേസുകളിൽ പ്രതി ചേർക്കപ്പെട്ട് 2018 മുതൽ അവർ ജയിലിലായിരുന്നു. രാഷ്ട്രീയ പ്രേരിതമായ കേസുകളാണെന്ന് ബിഎൻപി ആരോപിച്ചിരുന്നെങ്കിലും, ഷെയ്ഖ് ഹസീന സർക്കാരിന്റെ കാലത്ത് കടുത്ത നിയന്ത്രണങ്ങളാണ് അവർ നേരിട്ടത്. 2020-ൽ ആരോഗ്യനില പരിഗണിച്ച് താൽക്കാലികമായി മോചിപ്പിക്കപ്പെട്ടെങ്കിലും വിദേശത്ത് പോയി ചികിത്സ തേടാൻ അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ നടന്ന പ്രക്ഷോഭത്തിനൊടുവിൽ ഹസീന സർക്കാർ പുറത്തായതോടെയാണ് ഖാലിദ സിയ പൂർണ്ണമായും സ്വതന്ത്രയായത്.
ഖാലിദ സിയയുടെ മൂത്ത മകൻ താരിഖ് റഹ്മാൻ ഇപ്പോൾ ബിഎൻപിയുടെ ആക്ടിങ് ചെയർമാനാണ്. 17 വർഷത്തെ പ്രവാസത്തിന് ശേഷം അദ്ദേഹം ഡിസംബർ 25-നാണ് ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയത്. രണ്ടാമത്തെ മകൻ അറാഫത്ത് റഹ്മാൻ നേരത്തെ മരണപ്പെട്ടിരുന്നു.
ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ ഒരു യുഗത്തിനാണ് ഖാലിദ സിയയുടെ വേർപാടോടെ അന്ത്യമാകുന്നത്. അവരുടെ മൃതദേഹം ഢാക്കയിലെ മാനിക് മിയ അവന്യൂവിൽ പൊതുദർശനത്തിന് വെക്കുമെന്നും തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കുമെന്നുമാണ് റിപ്പോർട്ടുകൾ.


COMMENTS