ന്യൂഡൽഹി: അഞ്ച് തവണ എംഎൽഎയും നിലവിൽ ബീഹാർ കാബിനറ്റ് മന്ത്രിയുമായ നിതിൻ നബിനെ (45) ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചു. ഞായറാഴ്ചയാണ...
ന്യൂഡൽഹി: അഞ്ച് തവണ എംഎൽഎയും നിലവിൽ ബീഹാർ കാബിനറ്റ് മന്ത്രിയുമായ നിതിൻ നബിനെ (45) ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചു. ഞായറാഴ്ചയാണ് പാർട്ടി ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
കഠിനാധ്വാനിയായ പ്രവർത്തകനെന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ അഭിനന്ദിച്ചു. "സംഘാടന മികവും യുവത്വത്തിന്റെ ചുറുചുറുക്കുമുള്ള നേതാവാണ് നിതിൻ നബിൻ. എംഎൽഎ എന്ന നിലയിലും മന്ത്രി എന്ന നിലയിലും അദ്ദേഹം മികച്ച ട്രാക്ക് റെക്കോർഡ് കാഴ്ചവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഊർജ്ജവും സമർപ്പണവും വരുംകാലങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്," പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
നിലവിലെ ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി. നദ്ദയുടെ പിൻഗാമിയായി നിതിൻ നബിനെ നിയമിക്കുന്നതിന്റെ മുന്നോടിയായാണ് ഈ നീക്കത്തെ മുതിർന്ന ബിജെപി നേതാക്കൾ കാണുന്നത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ജെ.പി. നദ്ദയും സമാനമായ രീതിയിൽ വർക്കിംഗ് പ്രസിഡന്റായി ചുമതലയേൽക്കുകയും പിന്നീട് പൂർണ്ണ സമയ അധ്യക്ഷനായി മാറുകയും ചെയ്തിരുന്നു.
മുതിർന്ന ബിജെപി നേതാവായിരുന്ന പരേതനായ നബിൻ കിഷോർ സിൻഹയുടെ മകനാണ് നിതിൻ നബിൻ. 2006-ൽ പിതാവിന്റെ മരണത്തെത്തുടർന്ന് പട്‌ന വെസ്റ്റ് സീറ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം നിയമസഭയിലെത്തുന്നത്. 2010 മുതൽ ബങ്കിപ്പൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം തുടർച്ചയായി അഞ്ച് തവണ വിജയിച്ചു.
വിദ്യാർത്ഥി പ്രസ്ഥാനമായ എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം യുവമോർച്ചയിലും സജീവമായിരുന്നു. ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാനപ്പെട്ട ചുമതലകളും അദ്ദേഹം വഹിച്ചിരുന്നു. നിലവിൽ ബീഹാർ സർക്കാരിൽ റോഡ് നിർമ്മാണം, നഗരവികസനം, ഭവനനിർമ്മാണം എന്നീ വകുപ്പുകളുടെ മന്ത്രിയാണ്.
ഒരു ബീഹാർ സ്വദേശി ബിജെപിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി നിയമിതനായതിൽ സന്തോഷമുണ്ടെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതികരിച്ചു.അഭിനന്ദന പ്രവാഹം ജെ.പി. നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും അദ്ദേഹത്തെ അഭിനന്ദിച്ചു.
Key Words : Nitin Nabin , BJP National Working President


COMMENTS