വാഷിംഗ്ടൺ: ലൈംഗികാതിക്രമക്കേസിലെ പ്രതിയും മനുഷ്യക്കടത്ത് ആരോപണം നേരിടുകയും ചെയ്ത അന്തരിച്ച ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീൻ, അദ്ദേഹത്തിന്റെ സഹ...
വാഷിംഗ്ടൺ: ലൈംഗികാതിക്രമക്കേസിലെ പ്രതിയും മനുഷ്യക്കടത്ത് ആരോപണം നേരിടുകയും ചെയ്ത അന്തരിച്ച ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീൻ, അദ്ദേഹത്തിന്റെ സഹായി ഗിസ്ലെയ്ൻ മാക്സ്വെൽ എന്നിവരുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് രേഖകൾ യുഎസ് നീതിന്യായ വകുപ്പ് വെള്ളിയാഴ്ച പുറത്തുവിട്ടു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പരസ്യമാക്കണമെന്ന കോൺഗ്രസ് പാസാക്കിയ ബില്ലിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതിനെ തുടർന്നാണ് ഈ നിർണ്ണായക നടപടി.
പുറത്തുവന്ന പ്രധാന വിവരങ്ങൾ
പുറത്തുവന്ന ഫയലുകളിൽ വലിയ വെളിപ്പെടുത്തലുകളില്ലെന്ന് ഒറ്റവാക്കിൽ പറയാം. പുറത്തുവന്ന ഫയലുകളിൽ എഫ്.ബി.ഐയുടെ അന്വേഷണ റിപ്പോർട്ടുകൾ, ഫോട്ടോകൾ, മറ്റ് തെളിവുകൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ, എപ്സ്റ്റീന് സമ്പന്നരായ ബിസിനസുകാർ, പ്രമുഖ വ്യക്തികൾ, രാഷ്ട്രീയക്കാർ എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ച് പുതിയ വിവരങ്ങളൊന്നും ഈ ഘട്ടത്തിൽ ലഭ്യമല്ല. പല രേഖകളിലും സുപ്രധാന ഭാഗങ്ങൾ കറുത്ത മഷി ഉപയോഗിച്ച് മറച്ചുവെച്ച നിലയിലാണ് . ഉദാഹരണത്തിന്, 'ഗ്രാൻഡ് ജൂറി എൻവൈ' എന്ന് പേരിട്ടിട്ടുള്ള 119 പേജുകളുള്ള ഫയൽ പൂർണ്ണമായും മറച്ചുവെച്ചിരിക്കുകയാണ്. മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഇതുവരെ പുറത്തുവിടാത്ത ചിത്രങ്ങൾ ഫയലുകളിലുണ്ട്. സ്വിമ്മിംഗ് പൂളിൽ മാക്സ്വെല്ലിനൊപ്പമുള്ള ക്ലിന്റന്റെ ചിത്രങ്ങൾ ഇതിലുൾപ്പെടുന്നു. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങൾ പുറത്തുവരുന്നതിന് വർഷങ്ങൾക്കു മുമ്പേ ക്ലിന്റൻ അദ്ദേഹവുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ വക്താവ് പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം പഴയ ചിത്രങ്ങൾ പുറത്തുവിടുന്നത് യഥാർത്ഥ വസ്തുതകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും വക്താവ് ആരോപിച്ചു.
എന്നാൽ, പുറത്തുവിട്ട 13,000-ലധികം ഫയലുകളിൽ നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരോ ചിത്രങ്ങളോ വളരെ കുറച്ച് മാത്രമേയുള്ളൂ എന്നത് ശ്രദ്ധേയമാണ്. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും എപ്സ്റ്റീനുമായി സാമൂഹിക ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് ട്രംപ് എന്നരിക്കെയാണ് ഈ കുറവ്. ട്രംപിന്റെ പേര് നേരത്തെ പുറത്തുവന്ന ഫ്‌ലൈറ്റ് ലിസ്റ്റുകളിലും ഫോൺ ബുക്കുകളിലും മാത്രമാണ് നിലവിൽ കാണപ്പെടുന്നത്.
സെലിബ്രിറ്റികളുടെ ചിത്രങ്ങൾ മൈക്കൽ ജാക്സൺ, മിക് ജാഗർ, ഡയാന റോസ് തുടങ്ങിയ പ്രമുഖ സെലിബ്രിറ്റികളുടെ ചിത്രങ്ങളും ഈ ഫയലുകളിലുണ്ട്. എപ്സ്റ്റീന് സമ്പന്നരും പ്രശസ്തരുമായ വ്യക്തികളുമായുണ്ടായിരുന്ന അടുത്ത ബന്ധമാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ ഇവർക്ക് എപ്സ്റ്റീന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന് ഈ ചിത്രങ്ങളിൽ നിന്ന് വ്യക്തമല്ല. എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തുവിട്ടിട്ടില്ലെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. വരും ആഴ്ചകളിൽ കൂടുതൽ രേഖകൾ പരസ്യമാക്കുമെന്നാണ് ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് വ്യക്തമാക്കിയത്.
Key Words : Jeffrey Epstein Files


COMMENTS