കൊച്ചി : ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സ്വകാര്യത ലംഘിച്ചെന്നാരോപിച്ച് നടൻ ദിലീപിന്റെ സഹോദരി എസ...
കൊച്ചി : ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സ്വകാര്യത ലംഘിച്ചെന്നാരോപിച്ച് നടൻ ദിലീപിന്റെ സഹോദരി എസ്. ജയലക്ഷ്മി സുരാജ് പൊലീസിൽ പരാതി നൽകി. പ്രമുഖ വാർത്താ ചാനലുകൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെയാണ് നിയമനടപടി ആവശ്യപ്പെട്ട് പരാതി നൽകിയത്.
ആലുവ സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. 2025 ഡിസംബർ 8-ന് ആലുവയിലെ ‘പത്മസരോവരം’ എന്ന ദിലീപിന്റെ വസതിയിൽ അനധികൃതമായി കടന്നുകയറി ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം. വീട്ടിലെ അംഗങ്ങളുടെ സമ്മതമോ മുൻകൂർ അനുമതിയോ കൂടാതെയാണ് ഡ്രോൺ പ്രവർത്തിപ്പിച്ചതെന്നും ഇത് സ്വകാര്യതയുടെ നഗ്നമായ ലംഘനമാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
നിയമവിരുദ്ധമായി പകർത്തിയ ദൃശ്യങ്ങൾ ശേഖരിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്തതിലൂടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ അന്തസ്സിനും സുരക്ഷയ്ക്കും സൽപ്പേരിനും പരിഹരിക്കാനാകാത്ത തരത്തിലുള്ള ദോഷം സംഭവിച്ചതായും പരാതിയിൽ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിന് ഉപയോഗിച്ച ഡ്രോണുകൾ, മെമ്മറി കാർഡുകൾ, സ്റ്റോറേജ് ഡിവൈസുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുക്കണമെന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ വിധി പ്രഖ്യാപിച്ച ദിവസം ദിലീപ് വീടുവിട്ട് കോടതിയിലേക്ക് പോകുന്നതും പിന്നീട് തിരികെ വീട്ടിലെത്തുന്നതുമായ ദൃശ്യങ്ങൾ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച് മാധ്യമങ്ങൾ സംപ്രേഷണം ചെയ്തതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Key Words : Dileep, Complaint, Drone , Privacy, Case


COMMENTS