The Thiruvananthapuram Principal Sessions Court rejected the anticipatory bail application of MLA Rahul Mamkootathil in the case of raping a woman
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തുവെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ഇതോടെ രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിന് പൊലീസിനു നിയമപരമായി തടസ്സമില്ലാതായി. കോടതി ജാമ്യം നിഷേധിച്ചതിനു തൊട്ടുപിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. നസീറയാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷന്‍ പുതുതായി സമര്‍പ്പിച്ച തെളിവുകളും കോടതി പരിശോധിച്ചു. വിവാഹവാഗ്ദാനം നല്‍കി 23കാരിയെ പീഡിപ്പിച്ചുവെന്ന പുതിയ ബലാത്സംഗക്കേസിലെ എഫ്ഐആറും പ്രോസിക്യൂഷന്‍ ഹാജരാക്കി. യുവതിയുമായുള്ള ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നു എന്ന രാഹുലിന്റെ വാദം ഖണ്ഡിക്കാനാണ് ഈ എഫ്ഐആര്‍ സമര്‍പ്പിച്ചത്.
രാഹുലിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ആദ്യ കേസിലെ യുവതിയുമായുള്ള ബന്ധം 'ഉഭയസമ്മതപ്രകാരമായിരുന്നു' എന്ന രാഹുലിന്റെ വാദം ഖണ്ഡിക്കുന്നതിനായിരുന്നു വിവാഹവാഗ്ദാനം നല്‍കി 23-കാരിയെ പീഡിപ്പിച്ചുവെന്ന പുതിയ ബലാത്സംഗക്കേസിന്റെ എഫ്ഐആര്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ആരോ മെയിലില്‍ അയച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൂട്ടിയതാണ് പുതിയ കേസ് എന്നും പ്രതിഭാഗം ആരോപിച്ചു.
നിസ്സഹായയായ യുവതി കുടുംബപ്രശ്‌നം പറയാന്‍ സമീപിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തുവെന്നാണ് എം എല്‍ എയ്‌ക്കെതിരായ ആരോപണം.
ബലാത്സംഗവും ഗര്‍ഭഛിദ്രവും നടന്നുവെന്ന് സ്ഥാപിക്കുന്ന ഡോക്ടറുടെ മൊഴി ഉള്‍പ്പെടെയുള്ള രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് തെളിവുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുവതിയുടെ വീട്ടിലെത്തി രാഹുല്‍ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. ഇതു ഗര്‍ഭഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്താനായിരുന്നു എന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
രണ്ടാമത്തെ കേസ് കെട്ടിച്ചമച്ചതാണെന്നും ആദ്യത്തെ കേസില്‍ യുവതിയുമായി ഉഭയസമ്മതപ്രകാരമുള്ള ശാരീരിക ബന്ധമാണുണ്ടായതെന്നും ഗര്‍ഭഛിദ്രം യുവതിയുടെ ഇഷ്ടപ്രകാരമായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. പരാതിക്ക് പിന്നില്‍ സിപിഎം-ബിജെപി ഗൂഢാലോചനയുണ്ടെന്നും യുവതിക്ക് തൊഴില്‍ സ്ഥാപനത്തില്‍നിന്ന് സമ്മര്‍ദമുണ്ടായെന്നും പ്രതിഭാഗം ആരോപിച്ചു. ഫോണ്‍ വിളികളും ചാറ്റുകളും റെക്കോര്‍ഡ് ചെയ്തും സ്‌ക്രീന്‍ ഷോട്ടെടുത്തും യുവതി സൂക്ഷിച്ചത് ഗൂഢോദ്ദേശ്യത്തോടെയാണെന്നും പ്രതിഭാഗം വാദിച്ചു.
ജാമ്യാപേക്ഷ തള്ളിയ വേളയിലും രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണ്. രാഹുലിന്റെ അവസാന ലൊക്കേഷന്‍ കര്‍ണാടകയിലെ സുള്ള്യയിലായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെ, രാഹുലിനെ ബെംഗളൂരുവില്‍ എത്തിച്ച ഡ്രൈവര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.
Keywords: Bail, Rahul Mamkootathil MLA, Court, Plea


COMMENTS