Actor Mohanlal's mother Santhakumari passed away
കൊച്ചി: മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ സ്വദേശിയായ അവര്‍, ഭര്‍ത്താവ് വിശ്വനാഥന്‍ നായര്‍ക്ക് (മുന്‍ ലോ സെക്രട്ടറി) തിരുവനന്തപുരത്ത് ജോലി ലഭിച്ചതോടെയാണ് തലസ്ഥാനത്തേക്ക് താമസം മാറിയത്. വിശ്വനാഥന്‍ നായര്‍ 2005-ലാണ് അന്തരിച്ചത്. മൂത്ത മകന്‍ പ്യാരി ലാല്‍ 2000-ല്‍ അന്തരിച്ചു.
മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലും വ്യക്തിജീവിതത്തിലും വലിയ സ്വാധീനമായിരുന്നു. കൊച്ചിയിലെ മോഹന്‍ലാലിന്റെ വീട്ടിലായിരുന്നു അവര്‍ അവസാന കാലത്ത് താമസിച്ചിരുന്നത്.
അമ്മയുടെ വിയോഗം സിനിമാ ലോകത്തെയും ആരാധകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. നിരവധി പ്രമുഖര്‍ മോഹന്‍ലാലിനെ നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും അനുശോചനം അറിയിച്ചു വരുന്നു. വാര്‍ത്തയറിഞ്ഞ ഉടന്‍ തന്നെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും കൊച്ചിയിലെ വീട്ടിലെത്തി മോഹന്‍ലാലിനെ നേരില്‍ കണ്ട് അനുശോചനം അറിയിച്ചു. മറ്റ് പ്രമുഖ താരങ്ങളും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിചരണം നല്‍കിയിരുന്നത്. പക്ഷാഘാതത്തിന് ശേഷം സംസാരശേഷിക്കും മറ്റും ചെറിയ പരിമിതികള്‍ ഉണ്ടായിരുന്നതായി മോഹന്‍ലാല്‍ മുന്‍പ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
അമ്മയുടെ വിയോഗ വാര്‍ത്ത അറിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ കൊച്ചിയില്‍ തന്നെയുണ്ടായിരുന്നു. വാര്‍ത്തയറിഞ്ഞ ഉടന്‍ തന്നെ അദ്ദേഹം വീട്ടിലെത്തി. കൊച്ചിയിലെ പൊതുദര്‍ശനത്തിനു ശേഷം
ശാന്തകുമാരി അമ്മയുടെ മൃതദേഹം തിരുവനന്തപുരത്തെ കുടുംബവീടായ 'മുടവന്‍മുകള്‍ ഹില്‍ വ്യൂ' വിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച വൈകിട്ട് സംസ്‌കാരം നടത്തും. ഭര്‍ത്താവ് വിശ്വനാഥന്‍ നായരുടെ അന്ത്യവിശ്രമ സ്ഥലത്തിനു സമീപം തന്നെയായിരിക്കും ശാന്തകുമാരിക്കും ചിത ഒരുക്കുക.
ബുധന്‍ രാവിലെ മുതല്‍ മുടവന്‍മുകള്‍ വസതിയില്‍ ബന്ധുക്കള്‍ക്കും പൊതുജനങ്ങള്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമുണ്ടാകും.
മകന്‍ സിനിമയില്‍ മര്‍ദ്ദനമേല്‍ക്കുന്ന രംഗങ്ങള്‍ കാണുമ്പോള്‍ അമ്മയ്ക്ക് വലിയ വിഷമമായിരുന്നു എന്ന് മോഹന്‍ലാല്‍ ഓര്‍ക്കാറുണ്ട്. അദ്ദേഹത്തിന്റെ എല്ലാ നേട്ടങ്ങളിലും വലിയ സന്തോഷം പ്രകടിപ്പിച്ചിരുന്നു. അടുത്തിടെ മോഹന്‍ലാലിന് ലഭിച്ച ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് അമ്മയ്ക്ക് അദ്ദേഹം സമര്‍പ്പിച്ചിരുന്നു. കൊച്ചിയില്‍ മടങ്ങിയെത്തിയ ഉടന്‍ അദ്ദേഹം അമ്മയെ ചെന്നുകണ്ട് അനുഗ്രഹം വാങ്ങിയിരുന്നു.
മോഹന്‍ലാല്‍ നടത്തുന്ന ജീവകാരുണ്യ സംഘടനയായ 'വിശ്വശാന്തി ഫൗണ്ടേഷന്‍', പിതാവ് വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരുകള്‍ ചേര്‍ത്താണ് നാമകരണം ചെയ്തിരിക്കുന്നത്.
Keywords: Mohanlal, Mother, Santhakumari, Passed away



COMMENTS