തിരുവനന്തപുരം: ഡിസംബർ ഒന്നിന് പാർലമെന്റിൽ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെ, ഇന്നു ചേർന്ന എംപിമാരുടെ യോഗത്തിൽ, കേരളത്തിന്റെ പ്രധാന ആവശ്യങ്ങള...
തിരുവനന്തപുരം: ഡിസംബർ ഒന്നിന് പാർലമെന്റിൽ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെ, ഇന്നു ചേർന്ന എംപിമാരുടെ യോഗത്തിൽ, കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് ലഭിക്കേണ്ട കേന്ദ്ര അനുമതിയുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പാർലമെന്റിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന എംപിമാരുടെ ഇടപെടൽ വിഷയത്തിൽ അനിവാര്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വന്യജീവി സംരക്ഷണ നിയമം 1972 ലെ 11-ാം വകുപ്പിൽ നിരവധി തടസ്സങ്ങളുണ്ട്. ഈ തടസ്സങ്ങൾ ലഘൂകരിക്കുന്ന നിയമഭേദഗതി 2025 ലെ വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബിൽ നിയമസഭ പാസ്സാക്കിയിട്ടുണ്ട്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതിനായി രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. ഇത് എത്രയും വേഗം ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് കേന്ദ്രാവിഷ്കൃത പദ്ധതിയുടെ കീഴിൽ 620 കോടി രൂപയുടെ പ്രത്യേക കേന്ദ്രസഹായം ലഭ്യമാക്കേണ്ടതുണ്ട്. വന്യജീവി ആക്രമണങ്ങൾ നേരിട്ടവർക്ക് നൽകേണ്ട നഷ്ടപരിഹാരത്തിന്റെ കേന്ദ്രവിഹിതം അനുവദിച്ചു കിട്ടണം. കേന്ദ്രവിഹിതം വർദ്ധിപ്പിക്കാൻ ആവശ്യമായ ഇടപെടലും എംപിമാർ നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Key Words : Wildlife Protection Amendment Bill, CM Pinarayi Vijayan, MPs

COMMENTS