The investigating team found that Umar-un-Nabi, who was driving the Hyundai i20 car that exploded near Delhi's Red Fort on November 10
അഭിനന്ദ്
ന്യൂഡല്‍ഹി: നവംബര്‍ 10-ന് ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കു സമീപം സ്‌ഫോടനമുണ്ടായ ഹ്യുണ്ടായി ഐ20 കാര്‍ ഓടിച്ചിരുന്ന ഉമര്‍-ഉന്‍-നബി, ഗൂഢാലോചനയില്‍ പങ്കുചേര്‍ന്ന അദീല്‍ അഹമ്മദ് റാതറിന്റെ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നത് സാമ്പത്തികവും പ്രത്യയശാസ്ത്രപരവുമായുള്ള തര്‍ക്കങ്ങള്‍ നിമിത്തമെന്ന് അന്വേഷക സംഘം കണ്ടെത്തി.
സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ശ്രദ്ധാകേന്ദ്രമായ ഫരീദാബാദിലെ അല്‍-ഫലാ യൂണിവേഴ്‌സിറ്റിയുമായി ബന്ധമുള്ള കശ്മീരി ഡോക്ടറാണ് ഉമര്‍. ഇയാള്‍ ഐസിസ് തീവ്രവാദ ഗ്രൂപ്പിന്റെ പ്രത്യയശാസ്ത്രം പിന്തുടരുമ്പോള്‍, മറ്റ് പ്രതികള്‍ അല്‍-ഖ്വയ്ദ തീവ്രവാദ സംഘടനയിലാണ് വിശ്വസിച്ചിരുന്നത്.
ഐസിസും അല്‍-ഖ്വയ്ദയും സലഫിസത്തിലും ജിഹാദിസത്തിലും വേരുകള്‍ പങ്കിടുന്നുണ്ടെങ്കിലും, തന്ത്രപരമായ മുന്‍ഗണനകള്‍, അക്രമത്തിന്റെ ഉപയോഗം, വിഭാഗീയ സമീപനം, ഖിലാഫത്ത് (ഇസ്ലാമിക രാഷ്ട്രം) സ്ഥാപിക്കുന്നതിന്റെ സമയവും സ്വഭാവവും എന്നിവയില്‍ അവരുടെ പ്രധാന പ്രത്യയശാസ്ത്രങ്ങള്‍ ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു.
'അല്‍ ഖ്വയ്ദ പാശ്ചാത്യ സംസ്‌കാരത്തെയും ദൂരെയുള്ള ശത്രുക്കളെയും ആക്രമിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതേസമയം ഐസിസിന്റെ ലക്ഷ്യം ഖിലാഫത്ത് സ്ഥാപിക്കുകയും അടുത്തുള്ള ശത്രുവിനെ കണ്ടെത്തുക എന്നതുമാണ്. വഗായ് ഒഴികെയുള്ള ഈ ഗ്രൂപ്പ് അഫ്ഗാനിസ്ഥാനിലേക്ക് പോകാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തതിനാല്‍, അവര്‍ നാട്ടില്‍ ഒരു ലക്ഷ്യം കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു.'
ഡല്‍ഹി സ്‌ഫോടനത്തിന് പിന്നിലുള്ള 'വൈറ്റ് കോളര്‍' ഭീകരവാദ മൊഡ്യൂളില്‍ ഏറ്റവും തീവ്രവാദ സ്വഭാവമുള്ള ഉമര്‍, ഈ വ്യത്യാസം കാരണം അദീലിന്റെ വിവാഹത്തില്‍ പങ്കെടുത്തില്ല. ഈ വര്‍ഷം ആദ്യം ജമ്മു കശ്മീരില്‍ വച്ചായിരുന്നു വിവാഹം.
പുരോഹിതനായ മുഫ്തി ഇര്‍ഫാന്‍ വഗായ് താഴ്വരയില്‍ തടങ്കലിലായപ്പോള്‍, ഉമര്‍ ഒക്ടോബര്‍ 18 ന് കശ്മീരിലെ ഖാസിഗുണ്ഡിലേക്ക് തിടുക്കത്തില്‍ പോയി, ഗ്രൂപ്പിലെ മറ്റുള്ളവരുമായി 'ബന്ധം നന്നാക്കാനും അവരെ ലക്ഷ്യത്തില്‍ നിലനിര്‍ത്താനും' ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉയര്‍ന്ന വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, അറസ്റ്റിലായ പ്രതികളായ മുസമ്മില്‍ ഗനായി, റാതര്‍, വഗായ് എന്നിവര്‍ ഉമറുമായി പലപ്പോഴും ഒരേ അഭിപ്രായത്തിലായിരുന്നില്ല. സംഘം അല്‍ ഖ്വയ്ദ പ്രത്യയശാസ്ത്രത്തോട് കൂടുതല്‍ ചായ്വ് കാണിച്ചപ്പോള്‍, ഉമര്‍ ഐസിസ് അല്ലെങ്കില്‍ ദയേഷ് തന്റെ മാതൃകയായി കണക്കാക്കി.
സ്‌ഫോടനം നടത്തുന്നതിന്റെ സാമ്പത്തിക കാര്യങ്ങളിലും രീതിയിലും മറ്റ് അംഗങ്ങളുമായി ഉമറിന് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. സ്‌ഫോടകവസ്തുക്കള്‍ക്കും മറ്റ് ലോജിസ്റ്റിക്‌സിനുമായി ഏകദേശം 26 ലക്ഷം രൂപ ഇയാള്‍ക്ക് കൈമാറിയിരുന്നുവെങ്കിലും ചെലവിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഉമര്‍ അസംതൃപ്തനായിരുന്നു.
ഉമര്‍ രണ്ട് ലക്ഷം രൂപയും അദീല്‍ എട്ട് ലക്ഷം രൂപയും സംഭാവന ചെയ്തു. ഡല്‍ഹി സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ഷഹീന്‍ സയീദ്, മുസമ്മില്‍ ഷക്കീല്‍ എന്നിവര്‍ അഞ്ച് ലക്ഷം രൂപ വീതവും, രാജ്യത്തുനിന്ന് ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അദീലിന്റെ സഹോദരന്‍ മുസഫര്‍ അഹമ്മദ് റാതര്‍ ആറ് ലക്ഷം രൂപയും സംഭാവന നല്‍കി.
ഉമര്‍-ഉന്‍-നബി ഓടിച്ച ഐ20 കാര്‍ റെഡ് ഫോര്‍ട്ടിന് സമീപം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 15 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ചെങ്കോട്ടയിലെ പാര്‍ക്കിങ്ങിന് സമീപം ബോംബ് പൊട്ടിക്കാനായിരുന്നു ഉമര്‍ ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും, 'വൈറ്റ് കോളര്‍' ഭീകരവാദ മൊഡ്യൂളിനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് തന്റെ കൂട്ടാളികളായ ഷഹീന്‍ സയീദിനെയും മുസമ്മില്‍ ഷക്കീലിനെയും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ പരിഭ്രാന്തനായി.
റെഡ് ഫോര്‍ട്ട് തിങ്കളാഴ്ചകളില്‍ അടച്ചിടുമെന്ന വസ്തുത ഇയാള്‍ ശ്രദ്ധിച്ചില്ല. കൂടാതെ പാര്‍ക്കിംഗ് സ്ഥലത്ത് എത്തിയപ്പോള്‍ അവിടെ ആളുകളില്ലായിരുന്നു. പാര്‍ക്കിംഗ് സ്ഥലത്ത് മൂന്ന് മണിക്കൂര്‍ കാത്തിരുന്ന ശേഷം ഇയാള്‍ കാറോടിച്ച് പുറത്തിറങ്ങി റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷനിലെ ട്രാഫിക് സിഗ്‌നലിന് സമീപം വച്ച് ഐ20 കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്‌ഫോടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജയ്ഷ്-എ-മുഹമ്മദ്, അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള അന്‍സാര്‍ ഗസ്-വത്-ഉല്‍-ഹിന്ദ് എന്നിവരുമായി ബന്ധമുള്ള ഒരു അന്തര്‍-സംസ്ഥാന, അന്തര്‍ദേശീയ 'വൈറ്റ് കോളര്‍' ഭീകരവാദ മൊഡ്യൂളിനെ തകര്‍ത്തതായി ജമ്മു കശ്മീര്‍ പോലീസ് പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി സ്‌ഫോടനത്തില്‍ ഉപയോഗിച്ചതായി പറയുന്ന അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെ 2,900 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. ഇതോടെയാണ് ഉമര്‍ പരിഭ്രാന്തനായത്. പൊലീസ് തന്നിലേക്ക് ഉടന്‍ എത്തുമെന്ന് ഇയാള്‍ ഭയന്നു.
ഉമര്‍ 'കശ്മീരിലെ ബുര്‍ഹാന്‍ വാനി, സാക്കിര്‍ മൂസ എന്നിവരുടെ തീവ്രവാദ പാരമ്പര്യങ്ങളുടെ പിന്‍ഗാമിയായി സ്വയം കരുതി. ഇയാള്‍ 2023 മുതല്‍ ഐഇഡികളെക്കുറിച്ച് ഗവേഷണം നടത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗ്രൂപ്പിന് ഇടയിലെ മറ്റൊരു തര്‍ക്കവിഷയം, ഫണ്ടുകളുടെ ഉപയോഗത്തില്‍ ഉമറിന് വ്യക്തമായ കണക്കില്ലായിരുന്നു എന്നതാണ്. ഈ ഫണ്ടിന്റെ ഒരു പ്രധാന ഭാഗം അറസ്റ്റിലായ പ്രതികളില്‍ ഉള്‍പ്പെട്ട അല്‍ ഫലാ യൂണിവേഴ്‌സിറ്റിയിലെ ഗനായിയുടെ സഹപ്രവര്‍ത്തകനായ ഷഹീന്‍ ഷാഹിദ് അന്‍സാരിയില്‍ നിന്നാണ് വന്നത്.
ഖാസിഗുണ്ഡ് കൂടിക്കാഴ്ച കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഡല്‍ഹി സ്‌ഫോടനം നടന്നതെന്നും, അവിടെ ഉമര്‍ ഗ്രൂപ്പുമായി അനുരഞ്ജനത്തിലായി 'അവരെ ആവശ്യമുള്ള ദിശയിലേക്ക് നയിക്കാന്‍' ശ്രമിച്ചതായും കരുതുന്നു.
ഈ ഗ്രൂപ്പ് സ്വയം 'ഇന്ററിം അന്‍സാര്‍ ഗസ്-വത്-ഉല്‍-ഹിന്ദ്' എന്ന് വിശേഷിപ്പിച്ചു, ഇത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വയ്ദയുടെ ഒരു വിഭാഗമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് സുരക്ഷാ ഏജന്‍സികള്‍ കരുതുന്നത്. ഇന്ററിം എജിയുഎച്ച്, റാതറിനെ അതിന്റെ 'അമീര്‍' അഥവാ തലവനായി നിയമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.


COMMENTS