വാഷിങ്ടൺ: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ രണ്ടു നാഷണൽ ഗാർഡ് അംഗങ്ങൾക്ക് പരുക്കേറ്റു. ഇരുവരെയും ആശ...
വാഷിങ്ടൺ: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ രണ്ടു നാഷണൽ ഗാർഡ് അംഗങ്ങൾക്ക് പരുക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു. അക്രമം നടത്തിയ അഫ്ഗാൻ പൌരൻ പിടിയിലായി . വെടിയുതിർത്താണ് ഇയാളെ കീഴ്പ്പെടുത്തിയത്.
2021 ൽ യുഎസിലേക്ക് എത്തിയ അഫ്ഗാൻ പൗരനായ 29 വയസുള്ള റഹ്മാനുള്ള ലകൻവാൾ ആണ് അക്രമിയെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ആക്രമണം നടക്കുമ്പോൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിലായിരുന്നു. ആക്രമണത്തിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ലക്ഷ്യമിട്ടുള്ള ആക്രമണം എന്നായിരുന്നു ഡിസി മേയർ മുരേൽ ബൗസർ പറഞ്ഞത്. വെടിവയ്പ്പിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു.
വൈറ്റ് ഹൗസിൽ നിന്ന് ഏകദേശം രണ്ട് ബ്ലോക്കുകൾ അകലെ ഒരു മെട്രോ സ്റ്റേഷന് സമീപമാണ് വെടിവയ്പ് ഉണ്ടായത്. ഉടൻ തന്നെ നാഷണൽ ഗാർഡ് സൈനികർ അക്രമിയെ വളഞ്ഞു. പരസ്പരം നടന്ന വെടിവയ്പിനിടെയാണ് ഗാർഡ് അംഗങ്ങളായ രണ്ടു സൈനികർക്ക് പരുക്കേറ്റത്. ഇരുവരുടെയും തലയ്ക്കാണ് വെടിയേറ്റത്. പിന്നാലെ അക്രമിയെ സൈനികർ കീഴ്പ്പെടുത്തുകയും ചെയ്തു. അക്രമിയുടെ പരുക്ക് ഗുരുതരമല്ലെന്നും മറ്റ് ആരും തന്നെ അക്രമി സംഘത്തിൽ ഉണ്ടായിരുന്നില്ലെന്നും പോലീസ് സ്ഥിരീകരിച്ചു.
Key Words : Shooting near White House, National Guardsmen, US Shooting


COMMENTS