പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവര്‍ത്തിക്കില്ലെന്നും സന്നിധാനത്ത് ദര്‍ശനം നടത്താന്‍ കഴിയാതെ മാല ഊരിയവരോട് മാപ്പ് ച...
പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവര്‍ത്തിക്കില്ലെന്നും സന്നിധാനത്ത് ദര്‍ശനം നടത്താന്‍ കഴിയാതെ മാല ഊരിയവരോട് മാപ്പ് ചോദിക്കുന്നുവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ബുദ്ധിമുട്ട് ഉണ്ടായെന്നത് സത്യമാണ്. തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള ഏകോപനത്തില്‍ ചെറിയ പ്രശ്‌നം ഉണ്ടാകുകയായിരുന്നു. ആദ്യ ദിനം ഇത്രയും തിരക്ക് ആരും പ്രതീക്ഷിച്ചില്ല. ചില നിയന്ത്രണങ്ങള്‍ പൊതു നന്മ കരുതി കര്‍ശനമാക്കിയേ പറ്റൂ. പമ്പയിലും നിലയ്ക്കലും നിയന്ത്രണം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ബുക്ക് ചെയ്ത ദിവസങ്ങളില്‍ മാത്രം ഭക്തര്‍ ശബരിമലയിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുന്‍ ബോര്‍ഡിന് വീഴ്ച പറ്റിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ചില തീരുമാനങ്ങള്‍ പ്രായോഗിക തലത്തില്‍ വന്നില്ലെന്നും കെ ജയകുമാര്‍ പറഞ്ഞു.
അതേസമയം, ശബരിമലയില്‍ ഒരു ദുരന്തം വരുത്തിവയ്ക്കരുതെന്നും എന്ത് കൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. സന്നിധാനത്ത് ഇന്നലെ ഏകോപനം ഉണ്ടായില്ലെന്ന് വ്യക്തമാക്കിയാണ് ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി വിമര്‍ശിച്ചത്. മണ്ഡലം മകരവിളക്ക് സീസണ്‍ തുടങ്ങി രണ്ടാം ദിവസം തന്നെ തിരക്ക് അനിയന്ത്രിതമായത് എന്ത് കൊണ്ടെന്ന് കോടതി ചോദിച്ചു. സെക്ടറുകളുടെ വിസ്തീര്‍ണ്ണം അനുസരിച്ച് വേണം ഭക്തരുടെ എണ്ണം നിശ്ചയിക്കാനെന്നും അല്ലാതെ, വരുന്നവരെ എല്ലാം തിക്കിലും തിരക്കിലേക്കും കയറ്റി വിടുന്നത് തെറ്റായ സമീപനമെന്നും കോടതി പറഞ്ഞു.
Key Words : Travindcore Devaswom Board President, K Jayakumar, Sabarimala


COMMENTS