ഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികളുടെ കേന്ദ്രമായി പ്രവർത്തിച്ചെന്ന് സംശയിക്കുന്ന ഹരിയാനയിലെ അൽ ഫലാഹ് സർവകലാശാല ചെയർമാനും സ്ഥാപകനുമായ ജാവ...
ഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികളുടെ കേന്ദ്രമായി പ്രവർത്തിച്ചെന്ന് സംശയിക്കുന്ന ഹരിയാനയിലെ അൽ ഫലാഹ് സർവകലാശാല ചെയർമാനും സ്ഥാപകനുമായ ജാവേദ് അഹമ്മദ് സിദ്ദിഖിയെ വിളിച്ചുവരുത്താൻ ഡൽഹി പൊലീസ്. യുജിസിയും നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലും (എൻഎഎസി) അൽ ഫലാഹ് സർവകലാശാലയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും തട്ടിപ്പുകളും ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.
സ്ഫോടനക്കേസിലെ പ്രതികളായ ഉമർ നബിയും മുസമ്മിൽ ഗനായിയും ജോലി ചെയ്തിരുന്ന അൽ ഫലാഹ് മെഡിക്കൽ റിസർച്ച് ഫൗണ്ടേഷൻ ഉൾപ്പെടെ ഒമ്പത് സംഘടനകൾ പ്രവർത്തിച്ചിരുന്ന അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അക്രഡിറ്റേഷനും ധനസഹായവും സംബന്ധിച്ച രേഖകളുമായി ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകാൻ ചെയർമാനോട് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.
യുജിസി നിയമത്തിലെ സെക്ഷൻ 12(ബി) പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അക്രഡിറ്റേഷന്റെ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയതിനെ തുടർന്ന് സർവകലാശാലയ്ക്ക് നാക് നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെ സർവകലാശാലയ്ക്കെതിരെ ക്രൈംബ്രാഞ്ച് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു.
'ഗുഡ് സ്റ്റാൻഡിങ്' ആശങ്കകൾ ചൂണ്ടിക്കാട്ടി അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് (എഐയു) അൽ ഫലാഹ് സർവകലാശാലയുടെ അംഗത്വം സസ്‌പെൻഡ് ചെയ്യുകയും, എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും എഐയു പേരും ലോഗോയും നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അൽ ഫലാഹ് കാമ്പസുമായി ബന്ധപ്പെട്ട ക്രമക്കേടുകളും തട്ടിപ്പുകളും അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ ഇന്റർ-സ്റ്റേറ്റ് സെല്ലിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കാമ്പസിൽ ഉമർ നബിയും മുസമ്മിൽ ഗനായിയും ചേർന്ന് ഭീകരാക്രമണത്തിനുള്ള ആസൂത്രണം നടത്തിയതായാണ് കണ്ടെത്തൽ.
Key Words : Red Fort Blast, Delhi Police, Al Falah University chairman


COMMENTS