സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗർഭഛിദ്രത്തിനു പ്രേരിപ്പിച്ചു എന്നതുൾപ്പടെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതിനെത്തുടർന്ന് രാഹുൽ മാങ്കൂട...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗർഭഛിദ്രത്തിനു പ്രേരിപ്പിച്ചു എന്നതുൾപ്പടെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതിനെത്തുടർന്ന് രാഹുൽ മാങ്കൂട്ടം എം എൽ എയ്ക്ക് എതിരായ കേസ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറി. തിരുവനന്തപുരം റൂറൽ എസ്പി കെ എസ് സുദർശനനാണ് അന്വേഷണ ചുമതല.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലമായതിനാൽ രാഹുലിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് നിർദ്ദേശമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഇത് മുന്നിൽകണ്ട് രാഹുൽ ഒളിവിൽ പോയിരിക്കുകയാണ്. മുൻകൂർ ജാമ്യയുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
ക്രൈം ബ്രാഞ്ച് തുടർനടപടികൾ വേഗത്തിലാക്കി. യുവതിയുടെ മൊഴി രേഖപ്പെടുത്താൻ നടപടികൾ ആരംഭിച്ചു.
വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്യുകയും, ഗർഭിണിയായ യുവതിയെ ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നതാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പ്രധാന ആരോപണങ്ങൾ.
ഗർഭഛിദ്രത്തിനായി രാഹുൽ നിർബന്ധിക്കുന്ന ശബ്ദരേഖകളും (ഓഡിയോ ക്ലിപ്പുകൾ) വാട്ട്‌സ്ആപ്പ് ചാറ്റുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്.
കേസിന്റെ ആദ്യ ഘട്ടത്തിൽ അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ളവർ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, നവംബർ 27) പീഡനത്തിന് ഇരയായ യുവതി തന്നെ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നൽകുകയും ഡിജിറ്റൽ തെളിവുകൾ കൈമാറുകയും ചെയ്തു.
ആരോപണങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കുകയും പിന്നീട് അദ്ദേഹത്തെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ശബരിമല സ്വർണ്ണം കൊള്ള കേസിൽ ഇടതുമുന്നണിയും സർക്കാരും കടുത്ത പ്രതിരോധത്തിലായി നിന്ന വേളയിലാണ് രാഹുലിന്റെ കേസ് വീണ്ടും പൊന്തിവന്നിരിക്കുന്നത്. മാധ്യമശ്രദ്ധയെല്ലാം ഇപ്പോൾ രാഹുൽ കേസിലേക്കു മാറിയത് ഭരണപക്ഷത്തിന് വലിയ ആശ്വാസമായിട്ടുണ്ട്. ഏതുവിധത്തിലും രാഹുലിനെ അറസ്റ്റ് ചെയ്തു തിരഞ്ഞെടുപ്പിന് മുൻപ് തന്നെ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള തീവ്രശ്രമത്തിലാണ് സർക്കാരും ഇടതുമുന്നണിയും.
കഴിഞ്ഞ ആഴ്ചകളിൽ രാഹുൽ വീണ്ടും കോൺഗ്രസ് വേദികളിൽ പ്രത്യക്ഷപ്പെടുകയും എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിൽ സജീവമാവുകയും ചെയ്തിരുന്നു. കോൺഗ്രസിൽ ഒരു വിഭാഗം നേതാക്കളും രാഹുലിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. ഇത്തരം ഒരു ഘട്ടത്തിൽ വീണ്ടും രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നത് പാർട്ടിയെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്. സ്വർണ്ണം കൊള്ള കേസ് യുഡിഎഫിന് നൽകുമായിരുന്ന മേൽക്കൈ രാഹുൽ വിഷയത്തിലൂടെ ഇല്ലാതാകുമോ എന്ന കടുത്ത ആശങ്കയിലാണ് കോൺഗ്രസ് പാർട്ടി.


COMMENTS