ന്യൂഡൽഹി: ഭീകരസംഘവുമായി ഡോക്ടർ ഷഹീൻ ഷാഹിദിന് ബന്ധമുണ്ടായിരുന്നുവെന്ന് കഴിഞ്ഞദിവസം മാത്രമാണ് താൻ അറിയുന്നതെന്ന് മുൻ ഭർത്താവ് ഡോ. സഫർ ഹയാത്ത്....
ന്യൂഡൽഹി: ഭീകരസംഘവുമായി ഡോക്ടർ ഷഹീൻ ഷാഹിദിന് ബന്ധമുണ്ടായിരുന്നുവെന്ന് കഴിഞ്ഞദിവസം മാത്രമാണ് താൻ അറിയുന്നതെന്ന് മുൻ ഭർത്താവ് ഡോ. സഫർ ഹയാത്ത്. വിവാഹ ചടങ്ങുകൾക്കിടെ ഒഴികെ ഷഹീൻ ഒരിക്കലും ബുർഖ ധരിച്ചിരുന്നില്ല. ബുർഖ ധരിച്ച് അവളെ താൻ കണ്ടിട്ടേയില്ല. ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവർത്തനങ്ങളുമായി ഷഹീന് ബന്ധമുണ്ടോയെന്ന് തനിക്കറിയില്ല. അങ്ങനെയെന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ വിവാഹമോചനത്തിനു ശേഷമാകാമെന്നും നേത്രരോഗ വിദഗ്ധൻ കൂടിയായ ഡോ.സഫർ ഹയാത്ത് പറയുന്നു.
2003 നവംബറിലാണ് താനും ഷഹീനും വിവാഹിതരാകുന്നത്. 2012 അവസാനത്തോടെയാണ് വിവാഹമോചനം നടന്നത്. വിവാഹമോചനത്തിലേക്ക് നയിക്കാൻ മാത്രം എന്തായിരുന്നു അവളുടെ മനസ്സിൽ എന്ന് തനിക്ക് ഇപ്പോഴും അറിയില്ല. ഞങ്ങൾക്കിടയിൽ ഒരിക്കലും ഒരു തർക്കമോ വഴക്കോ ഉണ്ടായിരുന്നില്ല. ഷഹീൻ സ്നേഹവും കരുതലും ഉള്ള വ്യക്തിയായിരുന്നു. വിവാഹമോചനത്തിനുശേഷം ഷഹീനുമായി ഒരുതരത്തിലുള്ള ബന്ധവും ഉണ്ടായിരുന്നില്ല. ഷഹീൻ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന് കരുതിയിരുന്നില്ല. കുടുംബത്തോടും കുട്ടികളോടും അവർ ആഴത്തിൽ അടുപ്പം പുലർത്തിയിരുന്നു, അവരെ വളരെയധികം സ്നേഹിച്ചിരുന്നു, അവരുടെ പഠനവും ശ്രദ്ധിച്ചിരുന്നുവെന്ന് സഫർ ഹയാത്ത് പറഞ്ഞു. ഡോ. ഷഹീൻ ഇന്ത്യയിൽ തന്നെ ഉണ്ടെന്ന് അറിഞ്ഞതും അടുത്തിടെയാണെന്നും ഹയാത്ത് കൂട്ടിച്ചേർത്തു.
വിവാഹം കഴിച്ച സമയത്തൊന്നും ഷഹീൻ തീവ്രവാദ ആശയങ്ങളോട് ഒരു തരത്തിലുള്ള ചായ്‌വും കാണിച്ചിട്ടില്ല. മെച്ചപ്പെട്ട ശമ്പളത്തിനും ജീവിത നിലവാരത്തിനും വേണ്ടി ഓസ്‌ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കാമെന്ന് ഒരിക്കൽ ഷഹീൻ പറഞ്ഞിരുന്നു. എന്നാൽ നമുക്കിവിടെ നല്ല ജോലിയുണ്ടെന്നും, കുട്ടികളുമൊത്ത് നല്ല ജീവിതമാണ് നയിക്കുന്നതെന്നും താൻ പറഞ്ഞു. നമ്മുടെ ബന്ധുക്കളെല്ലാം ഇവിടെയാണുള്ളത്. അവിടെ പോയാൽ നമ്മൾ ഒറ്റപ്പെട്ടു പോകുമെന്നും ഷഹീനോട് പറഞ്ഞിരുന്നുവെന്ന് ഡോ.സഫർ ഹയാത്ത് കൂട്ടിച്ചേർത്തു.
ഫരീദാബാദിലെ അൽ ഫലാഹ് മെഡിക്കൽ കോളജിൽ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു ഷഹീൻ. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിങ്ങിന്റെ ഇന്ത്യയിലെ റിക്രൂട്ടിങ്ങിന്റെ ചുമതലയാണ് ഷഹീൻ വഹിച്ചിരുന്നത്.
Key Words : Delhi Blast, Dr. Shaheen, Terrorist


COMMENTS