തിരുവനന്തപുരം : മുനമ്പം വിഷയത്തില്‍ വഖഫ് സംരക്ഷണ സമിതി കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടു...
തിരുവനന്തപുരം : മുനമ്പം വിഷയത്തില്‍ വഖഫ് സംരക്ഷണ സമിതി കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള അപ്പീലില്‍ കേന്ദ്ര സര്‍ക്കാര്‍ കക്ഷി ചേരണമെന്ന് ബി ജെ പി സംസ്ഥാന ഘടകം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് അറിയിച്ചു.
മുനമ്പം ഭൂമി വഖഫ് വകയല്ല എന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെയാണ് വഖഫ് സംരക്ഷണ സമിതി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് വ്യക്തമാണ്. കരം അടയ്ക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ടെങ്കിലും, നടപടി സുപ്രീം കോടതിയില്‍ നിലവിലുള്ള കേസിന് വിധേയമായിട്ടായിരിക്കും. അതിനാല്‍ വരാനിരിക്കുന്ന സുപ്രീം കോടതി വിധി നിര്‍ണ്ണായകമാണ്.
വഖഫ് ഭേദഗതി ബില്ലിന്റെ പശ്ചാത്തലത്തില്‍, സുപ്രീം കോടതിയിലുള്ള ഈ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ കക്ഷി ചേരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ബി ജെ പി ആവശ്യപ്പെടുന്നു. കോടതി വിധി ഉണ്ടായിട്ടുപോലും മുനമ്പം ഭൂമി വഖഫ് അല്ലെന്ന് പറയാന്‍ മന്ത്രി പി രാജീവ് തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് ഷോണ്‍ ജോര്‍ജ് കുറ്റപ്പെടുത്തി. വഖഫ് ഭേദഗതി നിയമം വന്നപ്പോള്‍ ഒരുമിച്ച് കൈ പൊക്കിയവരാണ് ഇടതുപക്ഷവും വലതുപക്ഷവും. കേരളത്തില്‍ ഒരുപക്ഷേ 'ഇന്‍ഡി മുന്നണിയുടെ ആദ്യത്തെ പ്രമേയമായിരിക്കാം വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ ഒന്നാകെ പാസാക്കിയത്. ഇപ്പോഴും പറയുന്നത് വഖഫ് ഭേദഗതി നിയമം ഞങ്ങള്‍ അംഗീകരിക്കുന്നില്ലെന്നാണ്.
മന്ത്രി പി രാജീവ് എവിടെയെങ്കിലും ഒന്ന് ഉറച്ച് നില്‍ക്കണം. ഇന്ന് ചോദിച്ചപ്പോള്‍ പോലും മന്ത്രി പറഞ്ഞത് മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്ന് ഞാന്‍ പറയുന്നില്ലെന്നാണ്. കോടതി പറഞ്ഞ ഒരു കാര്യം പോലും പറയാന്‍ ഇവര്‍ക്ക് തന്റേടമില്ല. ഇവര്‍ ആരെയാണ് ഭയപ്പെടുന്നത്.
ഒക്ടോബര്‍ മാസം 19-ാം തീയതി മുനമ്പം വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി വിധി വന്നിട്ട് ഇത്രയും ദിവസം വസ്തു പോക്കുവരവ് ചെയ്യാതെ വെച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ മുതല്‍ ടാക്‌സ് സ്വീകരിക്കാന്‍ സമ്മതിക്കുന്നുണ്ട്. ഇപ്പോഴും ആ കേസിന് സ്റ്റേ കിട്ടും എന്നാണ് സര്‍ക്കാര്‍ വിചാരിക്കുന്നത്. സര്‍ക്കാര്‍ അതിന് ഒത്തുകളിക്കുകയാണ്.
മുനമ്പത്തെ ജനങ്ങള്‍ക്ക് പൂര്‍ണ്ണ അവകാശം കിട്ടുന്നത് വരെ, നിയമ പോരാട്ടങ്ങള്‍ക്ക് ഞങ്ങള്‍ ഉണ്ടാകും. സുപ്രീം കോടതിയില്‍ അവര്‍ക്ക് കാവലായി ബി ജെ പി ഉണ്ടാകും. വിഷയത്തില്‍ സി പി എമ്മിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടുകള്‍ അപഹാസ്യമാണെന്നും, കോണ്‍ഗ്രസിന്റെ മൗനം ജനം തിരിച്ചറിയുമെന്നും ഷോൺ പറഞ്ഞു.
Key Words : Adv. Shone George, BJP


COMMENTS