A Hyundai i20 hatchback was the epicenter of a high-intensity blast near Delhi's Red Fort on Monday evening. The vehicle was registered in Haryana
അഭിനന്ദ്
ന്യൂഡല്‍ഹി: തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കു സമീപം നടന്ന അതീവ തീവ്രതയുള്ള സ്‌ഫോടനത്തിന്റെ പ്രഭവകേന്ദ്രം ഒരു ഹ്യുണ്ടായ് ഐ20 ഹാച്ച്ബാക്ക് കാര്‍. ഹരിയാന സ്വദേശിയായ നദീമിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണിത്. സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ഒരു ഇ-റിക്ഷ ഉള്‍പ്പെടെ 22 വാഹനങ്ങള്‍ കത്തിനശിച്ചു.
ഹ്യുണ്ടായ് ഐ 20യിലല്ല, മാരുതി സ്വിഫ്റ്റ് ഡിസയറിലാണ് സ്‌ഫോടനമുണ്ടായതെന്നു ചിലര്‍ പറയുന്നുണ്ട്. വാഹനത്തില്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നുവെന്നും സ്‌ഫോടനം വാഹനത്തിന്റെ പുറകുവശത്താണ് നടന്നതെന്നുമാണ് സൂചന.
'ഇന്ന് വൈകുന്നേരം 6.52 ന് ഒരു കാര്‍ റെഡ് ലൈറ്റില്‍ പതിയെ നീങ്ങുമ്പോള്‍ ആ വാഹനത്തില്‍ ഒരു സ്‌ഫോടനം സംഭവിക്കുകയും, സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തുള്ള വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ചിലര്‍ മരണപ്പെടുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 'സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുന്നു. ആഭ്യന്തര മന്ത്രി (അമിത് ഷാ) ഞങ്ങളെ വിളിച്ചിരുന്നു...' ഡല്‍ഹി പോലീസ് കമ്മിഷണര്‍ സതീഷ് ഗോല്‍ച്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമിത് ഷാ വിവരങ്ങള്‍ ധരിപ്പിച്ചു. ആദ്യ ഘട്ടത്തില്‍ ഏഴ് യൂണിറ്റ് അഗ്‌നിശമന സേനയെ സ്ഥലത്തേക്ക് അയച്ചെങ്കിലും സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീ 7.29 ന് മാത്രമാണ് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതെന്ന് ഡെപ്യൂട്ടി ചീഫ് ഫയര്‍ ഓഫീസര്‍ എ.കെ. മാലിക് പറഞ്ഞു.
രാജ്യത്തെ പ്രധാനപ്പെട്ട തീവ്രവാദ വിരുദ്ധ ഏജന്‍സിയായ ദേശീയ അന്വേഷണ ഏജന്‍സിയും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി വിവരങ്ങളും തെളിവുകളും ശേഖരിക്കുകയാണ്. കുറ്റവാളികളെ കണ്ടെത്താന്‍ നിര്‍ണായകമായ വാഹനത്തിന്റെ നിര്‍മ്മാണം, മോഡല്‍, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ കണ്ടെത്താനുള്ള ശ്രമത്തിലാണ് അവര്‍.
സ്‌ഫോടനത്തിന്റെ സ്വഭാവം ഈ സമയം വരെ വ്യക്തമല്ലെങ്കിലും എല്ലാ സുരക്ഷാ ഏജന്‍സികളും അതീവ ജാഗ്രതയിലാണ്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലും സുരക്ഷ വര്‍ദ്ധിപ്പിച്ചു. ബിഎസ്എഫ് സൈനികരും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും നേപ്പാളുമായുള്ള തുറന്ന അതിര്‍ത്തി കടന്നുപോകുന്ന എല്ലാവരെയും നിരീക്ഷിക്കുന്നുണ്ട്.
ഫരീദാബാദില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി മണിക്കൂറുകള്‍ക്ക് ശേഷം സ്‌ഫോടനം
സാധാരണയായി വളമായി ഉപയോഗിക്കുന്നതും മാരകമായ ബോംബായി മാറ്റാന്‍ കഴിയുന്നതുമായ 350 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ജമ്മു കശ്മീര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോക്ടറായ ആദില്‍ റാഥറില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്തത്.
റാഥറിനെ ഞായറാഴ്ച ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ശ്രീനഗറിലുടനീളം ജയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയെ പിന്തുണച്ചുള്ള പോസ്റ്ററുകള്‍ ഒട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇയാളുടേതായിരുന്നു.
ഫരീദാബാദിലെ അല്‍-ഫലാഹ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ജമ്മു കശ്മീരില്‍ നിന്നുള്ള മറ്റൊരു മെഡിക്കല്‍ പ്രൊഫഷണലായ മുസമ്മില്‍ ഷക്കീലിന്റെ പേരും അന്വേഷണത്തില്‍ വെളിപ്പെട്ടു. ഹോസ്പിറ്റല്‍ രേഖകള്‍ അനുസരിച്ച് ഇയാള്‍ കാമ്പസിലാണ് താമസിച്ചിരുന്നത്. ഇയാളുമായി ബന്ധമുള്ള കാമ്പസിന് പുറത്തുള്ള രണ്ട് വീടുകള്‍ പോലീസ് കണ്ടെത്തി.
ഇവ റെയ്ഡ് ചെയ്തപ്പോള്‍, 12 സ്യൂട്ട്‌കേസുകളില്‍ നിറച്ച സ്‌ഫോടകവസ്തുക്കള്‍ കണ്ടതിലുള്ള ഞെട്ടലിലായിരുന്നു പോലീസ്. ഡിറ്റണേറ്ററുകളും ടൈമറുകളും പോലുള്ള സ്‌ഫോടക ഉപകരണങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കളും കണ്ടെത്തി.
ഇയാളുടെ ഒരു സഹപ്രവര്‍ത്തകയുടെ മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയര്‍ സബ്‌കോംപാക്ട് സെഡാനില്‍ ഒരു അസോള്‍ട്ട് റൈഫിളും കുറച്ച് വെടിയുണ്ടകളും സൂക്ഷിച്ചിരുന്നു. ഈ വനിതയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടാമത്തെ റൈഫിളും കൂടുതല്‍ വെടിയുണ്ടകളും റാഥര്‍ കഴിഞ്ഞ വര്‍ഷം വരെ ജോലി ചെയ്തിരുന്ന അനന്ത്നാഗിലെ ജിഎംസിയിലെ സ്റ്റാഫ് ലോക്കറില്‍ നിന്ന് കണ്ടെത്തി.
ജമ്മു കശ്മീരിലും ഫരീദാബാദിലും നടന്ന റെയ്ഡുകള്‍, അറസ്റ്റുകള്‍, കണ്ടെടുക്കലുകള്‍ എന്നിവയ്ക്കു പിന്നാലെ രണ്ട് നിരോധിത തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഒരു അന്തര്‍ സംസ്ഥാന, രാജ്യാന്തര ഭീകര ശൃംഖലയെ തകര്‍ത്തെന്ന് പൊലീസ് പറഞ്ഞിരുന്നു. പാക് ആസ്ഥാനമായുള്ള ജയ്‌ഷെ മുഹമ്മദും അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള അന്‍സാര്‍ ഗസ്വത്ത്-ഉല്‍-ഹിന്ദുമാണ് ഭീകര സംഘടനകള്‍.
റാഥര്‍, ഷക്കീല്‍, വനിതാ ഡോക്ടര്‍ എന്നിവരെ കൂടാതെ ഇതുവരെ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
Summary: A Hyundai i20 hatchback was the epicenter of a high-intensity blast near Delhi's Red Fort on Monday evening. The vehicle was registered in the name of Nadeem, a resident of Haryana. The explosion killed 13 people and injured 24. Following the incident, 22 nearby vehicles, including an e-rickshaw, were gutted. Some claim the explosion occurred in a Maruti Swift Dzire and not a Hyundai i20. It is suggested that there were several people in the vehicle, and the blast took place in the rear of the vehicle.


COMMENTS