The Kerala government has banned the sale of 'Coldrif' cough syrup, manufactured by a Chennai-based firm
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മധ്യപ്രദേശിലും രാജസ്ഥാനിലുമായി 11 കുട്ടികളുടെ മരണത്തിന് കാരണമായതായി സംശയിക്കുന്നതിനെത്തുടര്‍ന്ന് ചെന്നൈ ആസ്ഥാനമായുള്ള ഒരു സ്ഥാപനം നിര്‍മ്മിക്കുന്ന 'കോള്‍ഡ്രിഫ്' കഫ് സിറപ്പിന്റെ വില്‍പ്പന കേരള സര്‍ക്കാര്‍ നിരോധിച്ചു. തമിഴ് നാട് സര്‍ക്കാരും കഴിഞ്ഞ ദിവസം ഈ മരുന്നു നിരോധിച്ചിരുന്നു.
കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍ പ്രശ്‌നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഈ സിറപ്പ് സംസ്ഥാനത്തെ മരുന്ന് കടകളില്‍ നിന്നോ ആശുപത്രികളില്‍ നിന്നോ വില്‍ക്കാനോ കൊടുക്കാനോ പാടില്ല.
ഈ ബാച്ച് മരുന്നിന്റെ വില്‍പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നു മനസിലാക്കിയതെന്നും മന്ത്രി പറഞ്ഞു. എങ്കിലും സുരക്ഷ കരുതിയാണ് മരുന്നിന്റെ വിതരണവും വില്‍പനയും പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. കെഎംഎസ്സിഎല്‍ വഴി കോള്‍ഡ്രിഫ് സിറപ്പ് വിതരണം ചെയ്യുന്നില്ലെന്നും മന്ത്രി അറിയിച്ചു.
ഒക്ടോബര്‍ ഒന്നു മുതല്‍ തമിഴ്‌നാട്ടില്‍ സിറപ്പിന്റെ വില്‍പ്പന നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ-മയക്കുമരുന്ന് ഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കാഞ്ചീപുരം ജില്ലയിലെ സുങ്കുവര്‍ചത്രം എന്ന സ്ഥലത്തുള്ള മരുന്ന് നിര്‍മ്മാണ കേന്ദ്രത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി പരിശോധനകള്‍ നടന്നു. ഡൈഎഥിലീന്‍ ഗ്ലൈക്കോള്‍ എന്ന രാസവസ്തുവിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനായി സാമ്പിളുകള്‍ സര്‍ക്കാര്‍ ലാബുകളിലേക്ക് അയച്ചിട്ടുണ്ട്.
ലാബ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതുവരെ സിറപ്പിന്റെ ഉത്പാദനം നിര്‍ത്തിവെക്കാന്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്, രണ്ടു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പുകള്‍ നിര്‍ദ്ദേശിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.
Summary: The Kerala government has banned the sale of 'Coldrif' cough syrup, manufactured by a Chennai-based firm, following suspicions that it was linked to the deaths of 11 children in Madhya Pradesh and Rajasthan. The Tamil Nadu government had also banned the medicine recently. Health Minister Veena George announced that the Drugs Control Department has stopped the sale of the Coldrif syrup. The action was taken following reports from outside Kerala indicating issues with the SR 13 batch of the syrup. The syrup should not be sold or distributed from drug stores or hospitals in the state.


COMMENTS