A demand made by U.S. President Donald Trump has surprised and troubled both Afghanistan and China. Trump has demanded that the Bagram Airfield
എം രാഖി
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉന്നയിച്ചിരിക്കുന്ന ഒരു ആവശ്യം അഫ്ഗാനിസ്ഥാനെയും ചൈനയേയും ഒരുപോലെ അമ്പരപ്പിക്കുകയും അലോസരപ്പെടുത്തുകയുമാണ്. അഫ്ഗാനിസ്ഥാനിലെ ബഗ്രാം എയര്‍ഫീല്‍ഡ് യുഎസ് നിയന്ത്രണത്തിലേക്ക് തിരികെ വേണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.
താലിബാന്‍ ഭരണത്തിന്‍ കീഴിലുള്ള രാജ്യത്ത് വീണ്ടും അമേരിക്കന്‍ സാന്നിധ്യം ഉണ്ടാകുമെന്നും ഇതിലൂടെ ട്രംപ് സൂചിപ്പിച്ചു. ''നമ്മള്‍ അഫ്ഗാനിസ്ഥാന്‍ വിടാന്‍ പോകുകയായിരുന്നു, പക്ഷേ ബഗ്രാം, ലോകത്തിലെ ഏറ്റവും വലിയ വ്യോമതാവളങ്ങളില്‍ ഒന്നായ ഈ താവളം ശക്തിയോടും അന്തസ്സോടും കൂടി നിലനിര്‍ത്താനാണ് ഞങ്ങള്‍ തീരുമാനിച്ചിരുന്നത്,'' യുകെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
ജോ ബൈഡന്‍ 2021-ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് നടത്തിയ സൈനിക പിന്‍മാറ്റത്തെ ട്രംപ് വിമര്‍ശിച്ചു. ഈ പിന്‍മാറ്റം ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള യുഎസ് സൈനിക ഉപകരണങ്ങള്‍ താലിബാന്‍ നേതാക്കളുടെ കൈകളില്‍ എത്താന്‍ കാരണമായി എന്നും അദ്ദേഹം പറഞ്ഞു.
''അവര്‍ എല്ലാ ഉപകരണങ്ങളും അവിടെ ഉപേക്ഷിച്ചു, എല്ലാ വര്‍ഷവും അവര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഒരു പരേഡ് നടത്തുന്നുണ്ട്. അവര്‍ ഉപേക്ഷിച്ച ആ ഉപകരണങ്ങളെല്ലാം അവര്‍ കൊണ്ടുപോകേണ്ടതായിരുന്നു. ഓരോ സ്‌ക്രൂവും, ഓരോ ബോള്‍ട്ടും, ഓരോ ആണിയുമെടുത്ത് മാറ്റേണ്ടതായിരുന്നു. 150 ദശലക്ഷം ഡോളറിന്റെ വിമാനം പാകിസ്ഥാനിലേക്കോ ഇന്ത്യയിലേക്കോ മറ്റെവിടെയെങ്കിലുമോ പറത്തിക്കൊണ്ടു പോകുന്നതിനേക്കാള്‍ ചെലവ് കുറഞ്ഞത് അത് അവിടെ ഉപേക്ഷിക്കുന്നതാണ് എന്നാണ് ബൈഡന്‍ ഭരണകൂടം കണക്കാക്കിയത്. അവര്‍ തങ്ങളുടെ അന്തസ്സാണ് അവിടെ ഉപേക്ഷിച്ചത്. എന്റെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാണക്കേടുണ്ടാക്കുന്ന നിമിഷമായിരുന്നു അത്,'' ട്രംപ് പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് ധൃതിയില്‍ സൈനിക പിന്‍മാറ്റം നടത്തിയതിനെ ''നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാണക്കേടുണ്ടാക്കുന്ന നിമിഷം'' എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
''നമ്മള്‍ അവര്‍ക്ക് അത് വെറുതെ കൊടുത്തു,'' അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സേനാ പിന്‍മാറ്റം കൈകാര്യം ചെയ്ത രീതിയെ ദീര്‍ഘകാലമായി വിമര്‍ശിക്കുന്ന ട്രംപ് പറഞ്ഞു. 'നമുക്ക് ആ താവളം തിരികെ വേണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാബൂളില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്രാ ദൂരത്തിലാണ് ബഗ്രാം എയര്‍ഫീല്‍ഡ്. താലിബാനും അല്‍ ഖ്വയ്ദയ്ക്കും എതിരായ യുദ്ധത്തില്‍ ഇത് വര്‍ഷങ്ങളോളം ഒരു നിര്‍ണായക കേന്ദ്രമായിരുന്നു. 2012-ല്‍ ഏറ്റവും കൂടുതല്‍ സേനയുണ്ടായിരുന്ന സമയത്ത്, 100,000-ത്തിലധികം യുഎസ് സൈനികര്‍ ഈ എയര്‍ഫീല്‍ഡിലല്‍ തമ്പടിച്ചിരുന്നു.
അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ സക്കീര്‍ ജലാലി ഈ ആശയം കൈയോടെ തള്ളി. ''അഫ്ഗാനിസ്ഥാനും യുഎസും പരസ്പരം സഹകരിക്കേണ്ടതുണ്ട്, കൂടാതെ പരസ്പര ബഹുമാനത്തിന്റെയും പൊതു താല്‍പ്പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ സാമ്പത്തിക, രാഷ്ട്രീയ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ കഴിയും,'' ജലാലി എക്‌സ് പ്ലാറ്റ്ഫോമില്‍ പറഞ്ഞു.
''ചരിത്രത്തില്‍ അഫ്ഗാനികള്‍ ഒരു സൈനിക സാന്നിധ്യവും അംഗീകരിച്ചിട്ടില്ല, ദോഹ ചര്‍ച്ചകളിലും കരാറിലും ഈ സാധ്യത പൂര്‍ണ്ണമായും തള്ളിക്കളഞ്ഞതാണ്, പക്ഷേ കൂടുതല്‍ സഹകരണത്തിന് വാതില്‍ തുറന്നിട്ടിരിക്കുന്നു.''
ബഗ്രാം തിരികെ പിടിക്കുന്നതിലുള്ള തന്റെ താല്‍പ്പര്യത്തിന് ഒരു കാരണം ട്രംപ് വ്യക്തമാക്കി. ചൈനയുമായുള്ള ഇതിന്റെ സാമീപ്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
''ചൈന അവരുടെ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്ന സിന്‍ജിയാങിലെ കേന്ദ്രത്തില്‍ നിന്ന് നിന്ന് ഒരു മണിക്കൂര്‍ ദൂരമേ ബംഗ്രാം താവളത്തിനുള്ളൂ,'' ട്രംപ് വ്യാഴാഴ്ച പറഞ്ഞു.
പിന്നീട് എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ, ബഗ്രാം ''റണ്‍വേയുടെ ശക്തിയിലും നീളത്തിലും ലോകത്തിലെ ഏറ്റവും ശക്തമായ താവളങ്ങളില്‍ ഒന്നാണ്,'' എന്നും ''അവിടെ എന്തും ലാന്‍ഡ് ചെയ്യാം'' എന്നും ട്രംപ് പറഞ്ഞു. ചൈന അവരുടെ മിസൈലുകള്‍ നിര്‍മ്മിക്കുന്ന സ്ഥലത്ത് നിന്ന് ഒരു മണിക്കൂര്‍ ദൂരമേയുള്ളൂ എന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ട്രംപിന്റെ അഭിപ്രായങ്ങളെക്കുറിച്ച് വെള്ളിയാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പ്രതികരിച്ചു. ''അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യം, പരമാധികാരം, അഖണ്ഡത എന്നിവയെ ചൈന മാനിക്കുന്നു.'' ''അഫ്ഗാനിസ്ഥാന്റെ ഭാവി അവിടുത്തെ ജനങ്ങള്‍ തന്നെ തീരുമാനിക്കണം,'' ലിന്‍ പറഞ്ഞു. ''പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കുന്നതും ഏറ്റുമുട്ടലുകള്‍ക്ക് വഴിയൊരുക്കുന്നതും ജനകീയമാകില്ല.''
അതിവേഗം ആണവായുധ ശേഖരം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന ചൈനയ്ക്ക് ഏകദേശം 600 യുദ്ധമുനകളുണ്ടെന്ന് ചിക്കാഗോ ആസ്ഥാനമായുള്ള ബുള്ളറ്റിന്‍ ഒഫ് ദി അറ്റോമിക് സയന്റിസ്റ്റ്‌സ് എന്ന സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ബഗ്രാം തിരികെ ലഭിക്കുന്നതിലൂടെ ചൈനയെ നിരീക്ഷിക്കാന്‍ മാത്രമല്ല മറ്റ് പല നേട്ടങ്ങളുമുണ്ട്. ഈ താവളത്തിലെ സൈനിക സാന്നിധ്യം പ്രാദേശിക ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളെ സഹായിക്കും, ഇത് ട്രംപിന് താല്‍പര്യമുള്ള ഒരു വിഷയമാണ്.
''താവളം വിട്ടുകൊടുക്കുന്നതെക്കുറിച്ചു താലിബാന്‍ ചിന്തിച്ചാല്‍ പോലും, യുഎസിനെ അഫ്ഗാനിസ്ഥാനില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ചൈന എല്ലാം ചെയ്യും. ചൈനയ്ക്ക് താലിബാന്റെ മേല്‍ കൂടുതല്‍ സ്വാധീനമുണ്ട്,'' ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഒഫ് ഡെമോക്രസീസ്' ലോംഗ് വാര്‍ ജേണലിന്റെ എഡിറ്റര്‍ ബില്‍ റോഗിയോ ഓണ്‍ലൈനില്‍ പങ്കുവച്ച കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.
താലിബാന്‍ തങ്ങളുടെ ആഗോള നില മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനും യുഎസും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി ഡെല്‍റ്റ എയര്‍ലൈന്‍സ് മെക്കാനിക് ജോര്‍ജ് ഗ്ലെസ്മാനെ മാര്‍ച്ച് മാസത്തില്‍ താലിബാന്‍ വിട്ടയച്ചിരുന്നു.
വെള്ളിയാഴ്ച, ബ്രിട്ടീഷ് ദമ്പതികളായ ബാര്‍ബി റെയ്‌നോള്‍ഡ്‌സിനെയും (76), ഭര്‍ത്താവ് പീറ്റര്‍ റെയ്‌നോള്‍ഡ്‌സിനെയും (80) താലിബാന്‍ വിട്ടയച്ചു. ഫെബ്രുവരിയില്‍ ആഭ്യന്തര മന്ത്രാലയം ഇവരെ തടഞ്ഞുവച്ചിരുന്നുവെന്ന് എന്‍ബിസി ന്യൂസിന്റെ സഹോദര സ്ഥാപനമായ സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് സൈനിക പിന്‍മാറ്റം സംബന്ധിച്ച് പെന്റഗണ്‍ നടത്തുന്ന അവലോകനം തുടരുന്നതിനിടെയാണ് ട്രംപിന്റെ ഈ അഭിപ്രായങ്ങള്‍ വന്നത്. പിന്‍മാറ്റ സമയത്ത് കാബൂള്‍ വിമാനത്താവളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ബോംബാക്രമണത്തില്‍ 13 യുഎസ് സൈനികരും 170 അഫ്ഗാനികളും കൊല്ലപ്പെട്ടിരുന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പിന്‍മാറ്റ പ്രക്രിയ ആരംഭിച്ചത് ട്രംപ് ആയിരുന്നു. എന്നിരുന്നാലും, ബൈഡന്‍ ഭരണകൂടം പിന്‍മാറ്റം കൈകാര്യം ചെയ്ത രീതിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ചൈനയാണ് ഈ വ്യോമതാവളം നിയന്ത്രിക്കുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു, എന്നാല്‍ താലിബാന്‍ ഈ ആരോപണം നിഷേധിച്ചിരുന്നു.
Summary: A demand made by U.S. President Donald Trump has surprised and troubled both Afghanistan and China. Trump has demanded that the Bagram Airfield in Afghanistan be returned to U.S. control.
COMMENTS