ലണ്ടൻ: ബ്രിട്ടനിലെ തീവ്ര വലതുപക്ഷ നേതാവ് ടോമി റോബിൻസൺ നയിച്ച കുടിയേറ്റ വിരുദ്ധ റാലി സംഘർഷത്തിൽ കലാശിച്ചു. "യുണൈറ്റ് ദി കിംഗ്ഡം" എന...
ലണ്ടൻ: ബ്രിട്ടനിലെ തീവ്ര വലതുപക്ഷ നേതാവ് ടോമി റോബിൻസൺ നയിച്ച കുടിയേറ്റ വിരുദ്ധ റാലി സംഘർഷത്തിൽ കലാശിച്ചു. "യുണൈറ്റ് ദി കിംഗ്ഡം" എന്ന പേരിൽ നടന്ന റാലിയിൽ ഏകദേശം 1.5 ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്. റാലി സമാധാനപരമായി ആരംഭിച്ചെങ്കിലും പിന്നീട് പോലീസുമായി ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു.
പോലീസിനു നേരെ കുപ്പികൾ, കല്ലുകൾ, മറ്റ് വസ്തുക്കൾ എന്നിവയെറിഞ്ഞതായും, നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പോലീസുകാരെ ആക്രമിച്ചവരെ ശക്തമായി അപലപിച്ചു. റാലിയിൽ പങ്കെടുത്ത 25-ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വലതുപക്ഷ പ്രകടനങ്ങളിലൊന്നാണിത്. ഇതേസമയം, ഏകദേശം 5,000 ആളുകൾ 'സ്റ്റാൻഡ് അപ്പ് ടു റേസിസം' എന്ന സംഘടനയുടെ നേതൃത്വത്തിൽ വർണ്ണവിവേചനത്തിനെതിരെ പ്രതിഷേധിച്ചു.
പ്രകടനത്തിനിടെ ചിലയിടങ്ങളിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. ഇതിലാണ് 26 പോലീസുകാർക്ക് പരിക്കേറ്റത്. നാല് പേരുടെ പരിക്ക് ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് 25 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റാലിയിൽ പങ്കെടുത്ത പ്രതിഷേധക്കാർ അനധികൃത കുടിയേറ്റത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും, 'ബോട്ടുകൾ നിർത്തുക', 'അവരെ തിരിച്ചയയ്ക്കുക' തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു.
ഇലോൺ മസ്ക് ഉൾപ്പെടെ നിരവധി വലതുപക്ഷ നേതാക്കൾ റാലിയെ അഭിസംബോധന ചെയ്തു. യുകെയിൽ നടക്കുന്നത് 'വേഗതയേറിയതും അനിയന്ത്രിതവുമായ കുടിയേറ്റം' ആണെന്നും, ഇത് രാജ്യത്തിന്റെ നാശത്തിന് കാരണമാകുമെന്നും മസ്ക് വീഡിയോ കോൺഫറൻസിലൂടെ പറഞ്ഞു.


COMMENTS