An investigation report by Crime Records Bureau Assistant Commissioner Sethu KC has come out stating that Congress leader Sujith VS was beaten up
സ്വന്തം ലേഖകന്‍
തൃശ്ശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ കോണ്‍ഗ്രസ് നേതാവ് സുജിത്ത് വി എസിനെ സ്റ്റേഷനില്‍ എത്തിച്ചു മര്‍ദ്ദിച്ചുവെന്ന് വ്യക്തമാക്കി ക്രൈം റെക്കോര്‍ഡ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ സേതു കെ സി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു.
2023 ഏപ്രില്‍ അഞ്ചിനു നടന്ന കസ്റ്റഡി മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കോടതിയുടെ ഇടപെടലിലൂടെയാണ് പുറത്തുവന്നത്. സുഹൃത്തിനെ പൊലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ പൊലീസ് മര്‍ദിച്ചത്.
സ്റ്റേഷനില്‍ എത്തുന്നതിനുമുമ്പ് സുജിത്തിനെ ഒറീന ജംഗ്ഷനില്‍ ജീപ്പ് നിര്‍ത്തിയും മര്‍ദ്ദിച്ചു. ജി ഡി ചാര്‍ജായിരുന്ന ശശിധരന്‍ സ്റ്റേഷനില്‍ നിന്ന് പുറത്തെത്തി മര്‍ദിച്ചു. ജീപ്പ് സ്റ്റേഷനിലേക്ക് എത്തുമ്പോള്‍ ശശിധരന്‍ നടന്നുവരുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.
പൊലീസ് സ്റ്റേഷന്റെ മുകള്‍ നിലയില്‍ കൊണ്ടുപോയി എസ്‌ഐയുടെ നേതൃത്വത്തിലും മര്‍ദ്ദിച്ചിട്ടുണ്ടാകാമെ്‌നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എസ്‌ഐയും മറ്റു പൊലീസ് ഉദ്യോഗസ്ഥരും ചൂരലുമായി മുകളിലേക്ക് പോകുന്ന ദൃശ്യവും പുറത്തുവെന്നിട്ടുണ്ട്. മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പേരും റിപ്പോര്‍ട്ടിലുണ്ട്.
നടന്നത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന കാര്യമാണെന്നും പ്രതികള്‍ മുഖ്യമന്ത്രിയുടെ സംരക്ഷണത്തിലാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സുജിത്തിനെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. പൊലീസുകാര്‍ക്കെതിരെ ക്രമിനല്‍ കേസെടുക്കണമെന്നും പത്താം തീയതി കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്‍പിലും ജനകീയ പ്രതിഷേധ സംഗമം നടത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ നുഹ്മാനാണ് സുജിത്തിനെ സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചത്. സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരും സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചു. ജീപ്പില്‍ നിന്ന് സുജിത്തിനെ ഇറക്കി ഉള്ളിലേക്ക് കയറ്റുമ്പോള്‍ തന്നെ പൊലീസുകാര്‍ മര്‍ദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന്് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഇവരെ പുറത്താക്കിയില്ലെങ്കില്‍ സമാനതകളില്ലാത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.
ഭീകര ക്യാമ്പില്‍ പോലും കാണാത്ത ക്രൂര പീഡനമാണ് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ നടന്നതെന്ന് സതീശന്‍ പറഞ്ഞു. ഡിഐജിയുടെ മറുപടിയില്‍ തൃപ്തിയില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമായി ഡിഐജി പെരുമാറരുതെന്നും സതീശന്‍ പറഞ്ഞു.
Summary: An investigation report by Crime Records Bureau Assistant Commissioner Sethu KC has come out stating that Congress leader Sujith VS was beaten up by the policemen at the Kunnamkulam police station.


COMMENTS