US President Donald Trump wished Prime Minister Narendra Modi on his 75th birthday
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹത്തിന്റെ 75-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്നെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ച ട്രംപിന് ന് മോദി നന്ദി പറയുകയും ചെയ്തു.
വ്യാപാര യുദ്ധത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഇടഞ്ഞതിൽ പിന്നെ ആദ്യമായാണ് ട്രംപ് മോഡിയെ വിളിക്കുന്നതും മോഡി ഫോൺകോൾ എടുക്കുന്നതും.
ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള തന്റെ പ്രതിബദ്ധതയും യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള വാഷിംഗ്ടണിന്റെ സംരംഭങ്ങൾക്കുള്ള പിന്തുണയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
മോഡിയെ വിളിച്ചതിന് തൊട്ടു പിന്നാലെ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഫോൺ സംഭാഷണത്തെക്കുറിച്ച് പോസ്റ്റ് ഇടുകയും ചെയ്തു. ഇതിന് അപ്പോൾ തന്നെ മോഡി തന്റെ അക്കൗണ്ടിലൂടെ മറുപടി സന്ദേശവും നൽകി.
പ്രിയ സുഹൃത്ത് പ്രധാനമന്ത്രി മോദിയുമായി ഒരു "മനോഹരമായ സംഭാഷണം" ഉണ്ടായെന്നും, മോദി "അതിഗംഭീരമായ ഒരു ജോലി" യാണ് ചെയ്യുന്നതെന്നും യുക്രെയ്ൻ-റഷ്യ യുദ്ധം പരിഹരിക്കുന്നതിനുള്ള യുഎസിന്റെ സംരംഭങ്ങൾക്ക് ഇന്ത്യ നൽകുന്ന പിന്തുണയെ അഭിനന്ദിക്കുന്നതായും ട്രംപ് തന്റെ പോസ്റ്റിൽ പറഞ്ഞു.
എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ പ്രധാനമന്ത്രി മോദി ഇങ്ങനെ പറഞ്ഞു: "പ്രിയ സുഹൃത്ത് പ്രസിഡൻറ് ട്രംപ്, നിങ്ങളെപ്പോലെ, ഇന്ത്യ-യുഎസ് സമഗ്രവും ആഗോളവുമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിൽ ഞാനും പൂർണ്ണമായി പ്രതിജ്ഞാബദ്ധനാണ്. യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു."
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ട്രംപ് ചുമത്തിയതോടെ ഇന്ത്യ യുഎസ് ബന്ധം വഷളായിരുന്നു. പിന്നീട് പലതവണ ട്രംപ് ഫോൺ വിളിച്ചു എങ്കിലും മോഡി സംസാരിക്കാൻ തയ്യാറായിരുന്നില്ല.
യുഎസ് ഉത്പാദിപ്പിക്കുന്ന ചോളം വാങ്ങാൻ ഇന്ത്യ വിസമ്മതിച്ചാൽ അമേരിക്കൻ വിപണിയിലേക്കുള്ള പ്രവേശനം നഷ്ടപ്പെടുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്ക് ഈ ആഴ്ച ആദ്യം മുന്നറിയിപ്പ് നൽകിയതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയിരുന്നു. എന്നാൽ ഇന്ത്യ സ്വന്തം നിലപാടുകളിൽ നിന്ന് പിന്നാക്കം പോകാതെ വന്നതോടെ അമേരിക്കയ്ക്ക അയയുന്ന കാഴ്ചയാണ് കഴിഞ്ഞദിവസം കണ്ടത്.
ചൊവ്വാഴ്ച ഇരുപക്ഷവും ഉഭയകക്ഷി വ്യാപാര ചർച്ചകളുടെ അടുത്ത ഘട്ടങ്ങൾ ചർച്ച ചെയ്തു, ഇതിനെ വാഷിംഗ്ടൺ "പോസിറ്റീവ്" എന്നാണ് വിശേഷിപ്പിച്ചത്. വ്യാപാര കരാറിനായുള്ള ചർച്ചകൾ പുനരാരംഭിച്ചത്, ബന്ധങ്ങളിലെ തകർച്ച പരിശോധിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ, ഒരു കൂട്ടം വിഷയങ്ങളിൽ പൊതുവായ താൽപ്പര്യം കണ്ടെത്താനും അഭിപ്രായവ്യത്യാസങ്ങൾ കുറയ്ക്കാനുമുള്ള ഇരുപക്ഷത്തിന്റെയും താല്പര്യം സൂചിപ്പിക്കുന്നു.
വ്യാപാര ചർച്ചകൾ നടത്താനുള്ള തീരുമാനം വന്നത്, കഴിഞ്ഞ ആഴ്ച "വ്യാപാര തടസ്സങ്ങൾ" പരിഹരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള ട്രംപിന്റെ പരാമർശങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊഷ്മളമായി പ്രതികരിച്ചതിന് ശേഷമാണ്.
അടുത്ത ആഴ്ചകളിൽ" മോദിയുമായി സംസാരിക്കാൻ ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞിരുന്നു. കൂടാതെ നിർദ്ദിഷ്ട വ്യാപാര കരാർ ഇരുപക്ഷത്തിനും യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തിൽ പ്രതിരോധം, വ്യാപാരം, ഊർജ്ജം, സാങ്കേതികവിദ്യ എന്നിവയിലെ പ്രധാന സംരംഭങ്ങൾ ഉൾപ്പെടുന്നു. ഫെബ്രുവരിയിൽ വാഷിംഗ്ടണിൽ വച്ച് നേതാക്കൾ തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ 2030-ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറായി ഇരട്ടിയിലധികം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടിരുന്നു.
Summary: US President Donald Trump wished Prime Minister Narendra Modi on his 75th birthday
COMMENTS