തിരുവനന്തപുരം : കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ വിമര്‍ശനവുമായി സംവിധായകനും നിര്‍മ്മാതാവുമായ വിനയന്‍. ഭ...
തിരുവനന്തപുരം : കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ വിമര്‍ശനവുമായി സംവിധായകനും നിര്‍മ്മാതാവുമായ വിനയന്‍.
ഭാരവാഹികളെ കണ്ടെത്താന്‍ വേണ്ടി നടന്ന തിരഞ്ഞെടുപ്പ് ഒരുതരത്തിലും ജനാധിപത്യപരമായിരുന്നില്ലെന്നും കാഴ്ചയില്‍ ജനാധിപത്യപരമെന്നു തോന്നുമെങ്കിലും അധികാരം നിലനിര്‍ത്താനുള്ള ഭീഷണിയും പ്രലോഭനങ്ങളുമൊക്കെ തന്നെയാണ് നടന്നതെന്നും തന്റെ നോമിനേഷനെ പിന്തുണച്ച വ്യക്തിക്ക് പോലും വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്നും വിനയന്‍ പറയുന്നു.
വിനയൻറെ വാക്കുകൾ
ഇന്നലെ നടന്ന സിനിമാ നിർമ്മാതാക്കളുടെ സംഘടനാ തിരഞ്ഞടുപ്പിൽ നിലവിലുള്ള ഭാരവാഹികളുടെ പാനൽ വിജയിച്ചു..
വീണ്ടും അധികാരത്തൽ എത്തിയ സുഹൃത്തുക്കൾക്കെല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..
ഇന്നലത്തെ യോഗത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൽ സംസാരിച്ച KFPA യുടെ സ്ഥാപകരിൽ ഒരാളായ
ഡോക്ടർ ഷാജഹാന്റെ വാക്കുകളാണ് ഞാനിവിടെ ശ്രദ്ധയിൽ പെടുത്തുന്നത്....
അന്ന് ഈ സംഘടന ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഏകപക്ഷീയമായി ഒരു ചെറിയ വിഭാഗം മാത്രം സ്ഥിരം ഭരിക്കുന്ന അവസ്ഥ ഒരിക്കലും പ്രതീക്ഷിച്ചില്ലന്നും.. ഇന്നത്തെ പാനൽ സമ്പ്രദായത്തിലൂടെ വീണ്ടും വീണ്ടും അധികാരത്തിലെത്താൻ ശ്രമിക്കുന്ന ഒരു മാഫിയാ സംഘത്തെ പോലെ ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നെന്നും ശ്രീ ഷാജഹാൻ പറഞ്ഞപ്പോൾ നിറഞ്ഞ സദസ്സ് നിശബ്ദമായി അതു കേട്ടിരുന്നു..
ഡയസ്സിലിരുന്ന ഭാരവാഹികളാരും ഒരക്ഷരം എതിർത്തില്ല.
അവർക്ക് അതൊരപ്രിയ സത്യമാണല്ലോ..
എങ്കിലും ഡോക്ടർ ഷാജഹാന്റെ അഭിപ്രായം ഞങ്ങൾ തീർച്ചയായും പരിഗണിക്കും എന്നു പറഞ്ഞ് ഭാരവാഹി തടിതപ്പി..
എന്നാൽ ആ സംസാരം കഴിഞ്ഞ് നടന്ന ഇന്നലത്തെ തിരഞ്ഞെടുപ്പും പൂർണ്ണമായും ജനാധി പത്യ പരമല്ലായിരുന്നു എന്നതാണ് സത്യം.. കാഴ്ചയിൽ ജനാധിപത്യ പരമെന്നു തോന്നുമെങ്കിലും.. അധികാരം നിലനിർത്താനുള്ള ഭീഷണിയും പ്രലോഭനങ്ങളുമൊക്കെ ഇന്നലെയും നടന്നു.. എന്റെ നോമിനേഷൻ സെക്കൻഡ് ചെയ്ത ഒരു ചെറുപ്പക്കാരനു പോലും വോട്ടു ചെയ്യാൻ കഴിയാഞ്ഞതിനു കാരണം ഇത്തരം ചില നീക്കങ്ങളാണന്നറിഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി..
ഞങ്ങളാണ് അധികാരത്തിലിരിക്കുന്നത്.. ഇനിയും ഞങ്ങളു തന്നെ ആണ് അധികാരത്തിൽ വരുന്നതെന്ന ഭീഷണി നടത്തിയുള്ള വോട്ടു പിടുത്തം ഒരിക്കലും ജനാധിപത്യപരമായ തിരഞ്ഞെടപ്പ് ആവില്ല.
പിന്നെ സാമ്പത്തികമാണങ്കിൽ
പറയേണ്ട കാര്യവും ഇല്ലല്ലോ? പ്രത്യേകിച്ച് ഇന്ത്യയിലെ എല്ലാ ഭാഷകളിലേയും സിനിമകൾക്ക് പലിശയ്ക് പണം നൽകുന്ന ഫണ്ടർ ശ്രീ ആർ ബി ചൌധരി ആദ്യമായി ഇന്നലെ ഫ്ലൈറ്റ് പിടിച്ച് വോട്ടു ചെയ്യാൻ ഇവിടെ വന്നതും ഭരവാഹികൾ അദ്ദേഹത്തെ സ്വീകരിച്ചാനയിക്കുന്നതും കണ്ടപ്പോൾ അതു മറ്റുള്ള നിർമ്മാതാക്കൾക്ക് ഒരു സന്ദേശമായിരുന്നു..
സമസ്ത മേഘലകളിലും ഞങ്ങടെ ആധിപത്യം എത്ര വലുതാണന്നു കാണിക്കുന്ന സന്ദേശം.
അതിൽ കുഴപ്പമൊന്നും ഞാൻ കാണുന്നില്ല അതവരുടെ കഴിവാണ്..
പക്ഷേ ഇത്രയും കഴിവുള്ളവർ സ്ഥിരം കസേരയിൽ ഇരിക്കാൻ സംഘടനയെ ഭീഷണിയും പ്രലോഭനങ്ങളും കൊണ്ട് ഡോക്ടർ ഷാജഹാൻ പറഞ്ഞ അവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ടോ? അതാണ് വലിയ ചോദ്യം..
എന്റെ നിലപാടുകളോടു യോജിച്ച് നിന്നിരുന്ന ഒരു ചെറുപ്പക്കാരൻ നിർമ്മാതാവ് തന്റെ നിസ്സഹായത തുറന്നു പറഞ്ഞ് മറുകണ്ടം ചാടിയതും ..
ഇലക്ഷൻ പ്രവർത്തനത്തിലൊക്കെ എന്റെ
കൂടെ നിന്നിരുന്ന മറ്റൊരു സീനയർ നിർമ്മാതാവ് ഭയത്തോടെ പെട്ടെന്ന് നിശബ്ദനായതും ആ ഭയം എന്നോടു പറഞ്ഞതും ഡോക്ടർ ഷാജഹാൻ പറഞ്ഞ വാക്കുകളുടെ ആഴത്തിലേക്ക് ചിന്തിപ്പിക്കുന്നതാണ്.. ഒരു പതിറ്റാണ്ടിനു മുൻപ് അഞ്ഞൂറിനടുത്ത അംഗങ്ങൾ ഉണ്ടായിരുന്നു KFPA യിൽ ..
ഇന്നത് മുന്നുറിലേക്ക താഴ്ന്നിരിക്കുന്നു..
ഇതിനിടയിൽ കുറഞ്ഞത് മുന്നൂറു പേരെങ്കിലും പുതിയ നിർമ്മാതാക്കളായി ഫിലിം ഇൻഡസ്ട്രിയിലേക്ക് വന്നു കാണും..
അപ്പോൾ കുറഞ്ഞത് എണ്ണൂറു പേരെങ്കിലും അംഗങ്ങൾ ഉണ്ടാകേണ്ട നിർമ്മാതാക്കളുടെ സംഘടന എങ്ങനെ ഇത്ര ശുഷ്കമായി?
എന്നും തങ്ങളുടെ കൈയ്യിൽ സംഘടന സ്ഥിരമായി നിൽക്കാനുള്ള ഗൂഡമായ ചിലരുടെ നീക്കത്തിന്റെ ഭാഗമല്ലേ ഇത്?
ഭാരവാഹികൾക്ക് എതിരായിട്ടു വിമർശനം ഉന്നയിച്ചതിന്റെ പേരിൽ പുറത്താക്കിയ നിരവധി അംഗങ്ങളുണ്ട്.. ചിലരൊക്കെ കോടതിയിൽ പോയി കേസു പറഞ്ഞ് തിരിച്ചു കയറി..
ഏതു സംഘടനയിലും വാർഷിക വരി സംഖ്യ അടയ്കാൻ താമസിച്ചാൽ ഫൈനോടു കൂടി അതടയ്കാവുന്ന സംവിധാനമുണ്ട്..
പക്ഷേ..തങ്ങൾക്കു താൽപ്പര്യമില്ലാത്തവർ വരിസംഖ്യ അടച്ചിട്ടില്ലങ്കിൽ ഒരു റിമൈൻഡർ പോലും കൊടുക്കാതെ അതു കാത്തു നിന്ന മാതിരി അവരെ ഒഴിവാക്കുന്നു എന്ന വ്യാപകമായ പരാതി ഉണ്ട്..
സാധാരണയായി സംഘടനയുടെ വളർച്ചയ്ക് പുതിയ അംഗങ്ങളെ ചേർക്കനാണ് ഏത് അസ്സോസിയേഷനും ശ്രമിക്കാറുള്ളത്.
പക്ഷേ KFPA യിൽ
കേരളത്തിൽ പുതുതായി നിർമ്മാതാക്കളാവുന്നവരെ സംഘടനയിൽ ചേർക്കാൻ ഒരു താൽപ്പര്യവും കാണിക്കാറില്ല ..
രണ്ടും മൂന്നും സിനിമകൾ ചെയ്തവരോടു പോലും മെമ്പർ ഷിപ്പ് എടുക്കുന്നില്ലേ എന്ന് ആരും ചോദിക്കാറില്ല..
അഥവാ ആരേലും വന്നാൽ പോലും പതിനായിരം രൂപയുടെ താൽക്കാലികമായ വോട്ടില്ലാത്ത അംഗത്ത്വം കൊടുത്ത് അവരെ ഒഴിവാക്കും..
തങ്ങൾക്കെതിരെ സംഘടിതമായി ഒരു വിമർശനം ഉണ്ടാവാതിരിക്കാനും..
തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് വോട്ടു ചെയ്യുന്നവരെ മാത്രമായി കേന്ദ്രീകരിക്കാനുമുള്ള അതീവ ബുദ്ധിപരമായ ഗൂഢോദ്ദേശമാണിതെന്നു പറഞ്ഞാൽ നിഷേധിക്കാൻ പറ്റുമോ ? ഇനിയും ഇന്നലത്തെ ജനറൽ ബോഡിയിലേക്കു വന്നാൽ... രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ വിശദമായി ചർച്ച ചെയ്യേണ്ട യോഗം തുടങ്ങുന്നതു തന്നെ രാവിലെ 11 മണി കഴിഞ്ഞാണ്..
ഒരു മണിക്ക് യോഗം നിർത്തി തിരഞ്ഞെടുപ്പിലേക്കു പോകണം എന്ന് ആദ്യമേ തന്നെ അദ്ധ്യക്ഷൻ പറയും.. കുട്ടികൾക്കുള്ള സമ്മാനവിതരണവും പിന്നൊരാദരിക്കലും ഒക്കെയായി 12.30 വരെ എങ്ങനേയും യോഗം നീട്ടിക്കൊണ്ടു പോകും..പിന്നെയുള്ള അരമണിക്കൂറിലാണ് സെക്രട്ടറി രണ്ടു വർഷത്തെ റിപ്പോർട്ട് അവതരിപ്പിക്കുന്നതും
ട്രഷറർ കണക്കവതരിപ്പിക്കുന്നതും എല്ലാം..
ഇനി ഒന്നര വരെ സമയംനീട്ടിയാലും അംഗങ്ങൾ കൊടുത്ത ചോദ്യങ്ങൾ വായിക്കാനോ ഉത്തരം കൊടുക്കാനോ സമയം കിട്ടില്ലല്ലോ?
അങ്ങനെ ഒന്നിനും ഉത്തരം നൽകാതെ ചുളുവിൽ രക്ഷെപടാനുള്ള ഈ പദ്ധതി കഴിഞ്ഞ കുറേ കൊല്ലങ്ങളായി ജനറൽ ബോഡിയിൽ അരങ്ങേറുന്നതാണ്..
ഭാരവാഹികൾ ഇടയ്കിടെ അവരുടെ മഹത്വത്തെ പ്പറ്റിയും സത്യ സന്ധതയെ പ്പറ്റിയും പറഞ്ഞു കൊണ്ടിരിക്കും.. അപ്പോഴെല്ലാം കൈയ്യടിച്ചു പ്രോൽസാഹിപ്പിക്കുന്ന
സ്ഥിരം ഉത്സാഹകമ്മിറ്റിയുടെ പ്രോത്സാഹനം കൂടി ആകുമ്പോൾ ഈ കമ്മിറ്റി ഒരു മഹാസംഭവമാണെന്ന പ്രതീതി സ്വയം ഉണ്ടാക്കി യോഗം ഭക്ഷണത്തിനായി പിരിയും..
പുതിതായി രൂപീകരിച്ച കണ്ടന്റ് മാസ്റ്റർ കമ്പനിയുടെ പേരിൽ KFPA എന്ന് എഴുതിയിട്ടുണ്ടെന്നല്ലാതെ യാതൊരു രീതിയിലും അതിന്റെ ഡയറക്ടർ ബോർഡിനെ KFPA കു നിയന്ത്രിക്കാൻ നിയമപരമായി കഴിയില്ലന്ന് കമ്പിനിയുടെ മെമ്മോറാണ്ടം ഓഫ് ആർട്ടിക്കിൾ ചൂണ്ടിക്കാട്ടി തെളിവുകൾ സഹിതം ശ്രീ പ്രകാശ് ബാരെ പറഞ്ഞു.. അതു വായിച്ചിരുന്ന എനിക്കും ആ സംശയം തോന്നിയിരുന്നു..
PDC കമ്പനി എന്ന ആശയം വളരെ നല്ലതാണ്..ഞാനതിനെ നിറഞ്ഞ മനസ്സോടെ സപ്പോർട്ട് ചെയ്തതാണ് ഇനിയും ചെയ്യും പക്ഷേ എന്തു നല്ല ആശയമാണങ്കിലും ഒരു അസ്സോസിയേഷന്റെ കീഴിൽ കമ്പനി ഉണ്ടാക്കുമ്പോൾ ആ അസ്സോസിയേഷന് ആ ഡയറക്ടർ ബോർഡിനെ നിയമപരമായി നിയന്ത്രിക്കാൻ കഴിയും എന്ന രേഖ വേണ്ടതല്ലേ എന്ന ചോദ്യത്തിന് കൃത്യമായ മുപടി നൽകുന്നതിനു പകരം ഞങ്ങളാരും ഒരു രൂപയുടെ അഴിമതി നടത്തുന്നവരല്ല എന്നു പറയുന്നതാണോ അതിനുത്തരം..?
അത്രയുമെങ്കിലും ആ ഒരു മാറ്ററിനെ കുറിച്ചു മാത്രമേ സംസാരിക്കാൻ കഴിഞ്ഞുള്ളൂ..
അതും പൂർത്തിയാക്കാൻ കഴിയാതെ മറ്റ് നിരവധി ചോദ്യങ്ങൾ ഒന്നും ചർച്ച ചെയ്യാതെ ഇലക്ഷനെ നേരിടാൻ ആ കമ്മിറ്റിക്ക് ആയത് കൃത്യമായ ഒരു ഗൂഢാലോചന ആയിരുന്നു..
ഒരു കാര്യത്തിൽ ഞാൻ അദ്ധ്യക്ഷനെ അഭിനന്ദിക്കുന്നു..
ശ്രീമതി സാന്ദ്രാ തോമസിനെ വ്യക്തിപരമായി അധിഷേപിക്കാൻ എഴുന്നേറ്റ ഒരു ഭാരവാഹിയെ അതിൽനിന്നു പിന്തിരിപ്പിച്ചത് നന്നായി... അല്ലങ്കിൽ ആ പൊതുയോഗം ഒരു കൌരവ സദസ്സായി മാറിയേനെ..
സിനിമാ സംഘടനകളിൽ മറ്റൊരിടത്തും കാണാത്തവിധം വേട്ടൊന്നും ഇല്ലാത്ത ഫെഫ്കയുടെ അംഗങ്ങളെയും അമ്മയുടെ അംഗങ്ങളെയും ഇന്നലെ വോട്ടിംഗ് ഹാളിൽ കണ്ടു...
ഒരു ഭാരവാഹിയും വോട്ടിംഗ് ഹാളിൽ അതിനെ നിയന്ത്രിച്ചു കണ്ടില്ല..
പ്രൊഡ്യൂസേഷ്സ് അസ്സോസിയേഷൻ സ്വന്തം വ്യക്തിത്വത്തെ ചില സംഘടനകൾക്കു മുന്നിൽ അടിയറ വയ്കുന്നു എന്ന ആരോപണം നിലനിൽക്കുമ്പോൾ ഈ കാഴ്ച്ച പ്രസക്തമാണ്..
Key Words: Vinayan, Kerala Film Producers Association
COMMENTS